നടി ആക്രമിക്കപ്പെട്ട കേസ്: മര്യാദയില്ലാത്തവർ അക്രമികൾക്ക് വേണ്ടി പക്ഷം പിടിക്കുന്നു- പി.ടി തോമസ്

കൊച്ചി: മലയാളത്തിലെ നടിക്ക് ഉണ്ടായ ദുരന്തപൂർണമായ അനുഭവത്തോട് അനുഭാവം പ്രകടിപ്പിക്കാൻ ബാധ്യസ്ഥരായ വലിയൊരു വിഭാഗം പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് പി.ടി തോമസ് എം.എൽ.എ. ഡൽഹിയിലെ നിർഭയക്ക് വേണ്ടിയും ഹഥറസിലെ പെൺകുട്ടിക്കുവേണ്ടിയും രംഗത്തിറങ്ങിയ കേരള സമൂഹത്തിലെ പലരും ഒന്നുകിൽ മൗനികളാകുന്നു അല്ലെങ്കിൽ ഞാൻ ഈ നാട്ടുകാരനല്ലായെന്ന മട്ടിൽ കാഴ്ചക്കാരാകുന്നു. മര്യാദയില്ലാതെ അക്രമികളുടെ പക്ഷം പിടിക്കുന്നവരാണ് യഥാർത ദുരന്തമെന്നും പി.ടി തോമസ് ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.

പബ്ലിക് പ്രോസിക്യൂട്ടർ സുരേശൻ രാജിവെക്കാനിടയായ സാഹചര്യത്തെക്കുറിച്ചാണ് പി.ടി തോമസ് പറയുന്നത്. സുരേശന്‍റെ ആത്മാർഥത വിസ്താരം നടത്തുന്ന വേളയിൽ തനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്. സത്യസന്ധരായ അഭിഭാഷകരെയാണ് നാടിന് ആവശ്യമെന്നും അവരെ രാഷ്ട്രീയ നിറം പതിപ്പിക്കുന്നതിനൊട് എനിക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

നടി ആക്രമിക്കപ്പെട്ട കേസ്സിന്റെ വിചാരണ വിവാദത്തിൽ ആയിരിക്കുകയാണല്ലോ?

പ്രശസ്തയായ നടിയ്ക്ക് ഉണ്ടായ ദുരന്തപൂർണമായ അനുഭവത്തോട് അനുഭവം പ്രകടിപ്പിക്കാൻ ബാധ്യസ്ഥരായ വലിയൊരു വിഭാഗം പുറംതിരിഞ്ഞു നിൽക്കുകയോ നിഷ്‌ക്രിയരായിരിക്കുകയോ ചെയ്യുന്നത് പോലെ തോന്നുന്നു.

ഡൽഹിയിലെ നിർഭയക്ക് വേണ്ടിയും ഹാത്രസിലെ പെൺകുട്ടിയ്ക്കുവേണ്ടി മനസ്സുകൊണ്ടും പ്രവർത്തികൊണ്ടും രംഗത്തിറങ്ങിയ കേരള സമൂഹത്തിലെ പലരും ഒന്നുകിൽ മൗനികളാകുന്നു അല്ലെങ്കിൽ ഞാൻ ഈ നാട്ടുകാരനല്ലായെന്ന മട്ടിൽ കാഴ്ച്ചക്കാരാകുന്നു.

ചിലർ മര്യാദയില്ലാതെ ആക്രമികൾക്ക് പക്ഷം പിടിക്കുന്നു. ഇതാണ് യഥാർത്ഥ ദുരന്തം.

8 മാസത്തോളം നീണ്ട വിചാരണ നടപടികൾ ആ പെൺകുട്ടിയെ എത്രമാത്രം മാനസിക സംഘർഷത്തിലാക്കിയെന്ന് ഊഹിക്കാൻ കഴിയുമോ?

ഈ വർഷം ജനുവരി (2020 ജനുവരി) മാസം 30 ന് ആരംഭിച്ച പരാതിക്കാരിയുടെ വിചാരണാ നടപടികൾ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം 5 നാണ് പൂർത്തിയായത്. കേസിന്‍റെ വിചാരണ നടപടികളിൽ ഒരു സാക്ഷിയായി വിസ്തരിക്കപ്പെട്ട വ്യക്തി എന്ന നിലയിൽ വിചാരണ നടപടികളെ സംബന്ധിച്ച് തുറന്നു പറയുന്നതിന് പരിമിതികളും തടസ്സങ്ങളും ഉള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല. പരാതിക്കിടയായ സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം എംഎൽഎ എന്ന നിലയിൽ പരാതിക്കാരി ഉണ്ടായിരുന്ന എറണാകുളം പടമുകളിലുള്ള മലയാള സിനിമാ നടൻ ലാലിൻറ വീട്ടിലേക്ക് ചെല്ലുകയും പെൺകുട്ടിയെ കാണുകയും സംഭവത്തെ കുറിച്ച് അവരിൽ നിന്നു തന്നെ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തിരുന്നു. അക്കാര്യത്തിന് രണ്ടിൽ കൂടുതൽ ദിവസം കോടതിയിൽ എന്നെ വിസ്തരിച്ചിരുന്നു.

ഈ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് സ്പെഷ്യൽ കോടതി രൂപീകരിച്ച് പ്രൊസിക്യൂഷൻ കേസ് നടത്തുന്നതിന് കേരളത്തിൽ പൊതു സ്വീകാര്യനായ പ്രഗത്ഭ അഭിഭാഷകൻ എ. സുരേശനെ സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടറായി നിയമിച്ച് വിചാരണ നടപടികൾ ആരംഭിച്ചപ്പോൾ കേരള സമൂഹത്തിന് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നെ കോടതിയിൽ വിസ്തരിച്ച സമയം സ്പെഷ്യൽ പ്രൊസിക്യൂട്ടറുടെ സത്യസന്ധതയും നിസ്വാർത്ഥതയും എനിക്ക് ബോദ്ധപ്പെട്ടിട്ടുള്ളതാണ്.

1995 മുതൽ 2002 വരെ തൃശ്ശൂരിൽ അഡീഷ്ണൽ ഗവ.പ്ളീഡറും പബ്ളിക് പ്രൊസിക്യൂട്ടറും ജില്ലാ ഗവ.പ്ളീഡറുമായ വ്യക്തിയാണ് സ്പെഷ്യൽ പ്രൊസിക്യൂട്ടർ എ. സുരേശൻ. മുൻ മുഖ്യമന്ത്രി കെ കരുണാകരനു ശേഷം എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയം തൃശ്ശൂരിൽ നിയമിതനായ സുരേശനെ പിന്നീട് അധികാരത്തിൽ വന്ന ഇടതു പക്ഷ ഗവൺമെന്റുകൾ എ.സുരേശനെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുകയായിരുന്നു എന്നാണ് മനസ്സിലായത്. അദ്ദേഹത്തോടൊപ്പം തൃശ്ശൂരിലെ പ്രഗത്ഭ അഭിഭാഷകനും സിപിഐയുടെ അയ്യന്തോൾ പഞ്ചായത്തംഗവുമായിരുന്ന മുൻ ഇടതുപക്ഷ എംഎൽഎ എ.വി ആര്യന്റെ മരുമകനുമായ അഡ്വ കെ.ഭവദാസാണ് ജില്ലാ ഗവ. പ്ളീഡറായിരുന്നത്. സ്തുത്യർഹമായ സേവനവും കഴിവും സത്യസന്ധതയുമാണ് ഇടതു പക്ഷ സർക്കാർ രണ്ടു തവണകളിൽ സുരേശന്റെ സേവന കാലാവധി നീട്ടി കൊടുക്കുവാൻ കാരണം.

ഗോവിന്ദച്ചാമിയുടെ കേസിൽ തൃശ്ശൂർ സെഷൻസ് കോടതിയും, കേരള ഹൈക്കോടതിയും വധശിക്ഷയാണ് വിധിച്ചത്. അന്ന് ജസ്റ്റിസുമാരായ ശ്രീ ടി.ആർ രാമചന്ദ്രൻ നായരും, ശ്രീ കമാൽ പാഷയുമടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കീഴ്ക്കോടതി വിധിച്ച വധശിക്ഷ ശരി വെക്കുകയും അതിനൊപ്പം തന്നെ ദുരാരോപണമുന്നയിച്ച് ക്രോസ് വിസ്താരം നടത്തിയതായി ആരോപിച്ച് പ്രതി ഭാഗം അഭിഭാഷകനെതിരെ ബാർ കൗൺസിലിനോട് നടപടികൾക്ക് നിർദ്ദേശവും നൽകിയിരുന്നു. ആ കേസടക്കം ഒട്ടനവധി കേസുകൾ നടത്തി പരിചയം സമ്പന്നനായ വ്യക്തിയാണ് ഈ കേസിലെ സ്പെഷ്യൽ പ്രൊസിക്യൂട്ടർ. കഴിവുറ്റ സത്യസന്ധരായ അഭിഭാഷകരെ യാണ് നാടിന് ആവശ്യം. അവരെ രാഷ്ട്രീയ നിറം പതിപ്പിക്കുന്നതിനൊട് എനിക്ക് യോജിക്കാനാവില്ല.

Tags:    
News Summary - Actress attack case: Those who are rude take sides for the aggressors- PT Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.