നടൻ വിജയ് ബാബു ഇരയുടെ മാതാവിനെയും ഭീഷണിപ്പെടുത്തി

കൊച്ചി: ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യുംമുമ്പ്, ഇരയായ നടിയെയും മാതാവിനെയും ഫോണിൽ വിളിച്ച് പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു ഭീഷണിപ്പെടുത്തിയിരുന്നെന്ന് സർക്കാർ ഹൈകോടതിയിൽ. വിദേശത്തിരുന്നാണ് മുൻകൂർ ജാമ്യ ഹരജി നൽകിയത്. കേസ് സംബന്ധിച്ച് അറിഞ്ഞുകൊണ്ടാണ് ഇയാൾ ദുബൈയിലേക്ക് കടന്നതെന്നും ഹരജി നിലനിൽക്കില്ലെന്നും അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയെ അറിയിച്ചു.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബുവിന്‍റെ ഹരജി. ബലാത്സംഗം ചെയ്തുവെന്ന് പറയുന്ന ദിവസത്തിന് ശേഷവും തന്റെ ഉടമസ്ഥതയിലുള്ള ക്ലിനിക്കിന്റെ ഉദ്ഘാടനത്തിന് നടി എത്തി. അധിക രേഖകളടക്കം നൽകിയ ഉപഹരജിയിൽ ദുബൈയിലാണെന്ന വിവരമുണ്ട്. ഷൂട്ടിങ്ങിനായി ഏപ്രിൽ 22ന് ഗോവയിലെത്തിയ ശേഷം 24ന് ഗോൾഡൻ വിസയുടെ ആവശ്യത്തിന് ദുബൈയിലേക്ക് പോന്നു. അപ്പോഴൊന്നും കേസ് രജിസ്റ്റർ ചെയ്ത വിവരം അറിയില്ലായിരുന്നുവെന്നും വിജയ് ബാബു അവകാശപ്പെട്ടു.

എന്നാൽ, കേസ് സംബന്ധിച്ച് അറിഞ്ഞാണ് ദുബൈയിലേക്ക് കടന്നതെന്ന വാദത്തിൽ സർക്കാർ ഉറച്ചുനിന്നു. ഏപ്രിൽ 19നാണ് നടിയുടെ മാതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മുൻകൂർ ജാമ്യ ഹരജിയിൽ കൊല്ലത്തെ വിലാസമാണ് നൽകിയത്. വിദേശത്താണെന്നോ എന്ന് മടങ്ങിവരുമെന്നോ ഹരജിയിൽ പറയുന്നില്ല.

ദുബൈയിലാണെന്ന് പറഞ്ഞ് ഉപഹരജി ഫയൽ ചെയ്തത് പിന്നീടാണ്. അതിനാൽ മുൻകൂർ ജാമ്യ ഹരജി നിലനിൽക്കില്ലെന്ന് എ.ഡി.ജി.പി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ വാദം നടത്താനും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. വിജയ് ബാബുവിന് ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് നടിയും ഹരജി നൽകി.

Tags:    
News Summary - Actor Vijay Babu also threatened actor's mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.