വസ്തുവിന് ഉയർന്ന വില നിർണയ സർട്ടിഫിക്കറ്റ് നൽകിയ റിട്ട. തഹസിൽദാർക്കെതിരെ നടപടി

തിരുവനന്തപുരം: വസ്തുവിന് ഉയർന്ന വില നിർണയ സർട്ടിഫിക്കറ്റ് നൽകിയ റിട്ട. തഹസിൽദാർക്കെതിരെ നടപടി. അടൂർ താലൂക്കിലെ മുൻ തഹസിൽദാർ ബി.മോഹൻ കുമാറിനെതിരെ നടപടി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. അദ്ദേഹത്തിന്റെ പെൻഷനിൽ നിന്നും പ്രതിമാസം 500 രൂപ വീതം ആജീവനാന്തം കുറവ് വരുത്തും. ബി.മോഹൻകുമാറിന് ഇക്കാര്യത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണത്തിലെ കണ്ടത്തൽ.

പത്തനംതിട്ട അടൂർ താലൂക്കിലെ പെരങ്ങനാട് വില്ലേജിലെ 34.5 ആർ പുരയിടത്തിന്റെ വാല്യുവേഷൻ സർട്ടിഫിക്കറ്റ് നൽകിയതിലെ അഴിമതിയെപ്പറ്റി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ അടൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി സി. സജിയാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2012ൽ പരാതി നൽകിയത്. തുടർന്ന് ദക്ഷിണ മേഖല വിജിലൻസ് ഡെപ്യൂട്ടി കലക്ടർ വഴി അന്വേഷണം നടത്തി.

അന്വേഷണ റിപ്പോർട്ട് പ്രകാരം പരാതിക്കാധാരമായ വസ്തുവിന്റെ വില നിർണയ സർട്ടിഫിക്കറ്റിനുള്ള റിപ്പോർട്ട് തയാറാക്കുന്ന കാര്യത്തിൽ വില്ലേജ് ഓഫിസറായിരുന്ന കെ.രാധാകൃഷ്ണൻ കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്ന് വ്യക്തമായി. അടിസ്ഥാന വില നിർണയത്തിൽ പ്രത്യക്ഷത്തിൽ തന്നെ അപാകതയുണ്ടായപ്പോൾ ആവശ്യമായ മിന്നൽപരിശാധന നടത്താതെ അശാസ്ത്രീയവുംയുക്തിക്ക് നിരക്കാത്തതുമായ നിരക്കിൽ വളരെക്കൂടിയ തുകക്കുള്ള സർട്ടിഫിക്കറ്റ് അനുവദിച്ചത് തഹസിൽദാരുടെ വീഴ്ച‌യാണെന്ന് കണ്ടെത്തി. വാല്യുവേഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ ക്രമക്കേടുകൾ നട്ടന്നിട്ടുണ്ടെന്നുള്ള പരാതിയിലെ ആരോപണത്തിൽ കഴമ്പുള്ളതായും അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തി.

സാമ്യ വസ്തുക്കളായി പരിഗണിച്ച വസ്തുക്കളെല്ലാം റോഡ് അഥവാ തടത്തിനോട് ചേർന്നു സ്ഥിതിചെയ്യുന്നവയായിരുന്നു. അപേക്ഷാ വസ്തു നേരിട്ട് റോഡിനോട് ബന്ധമില്ലായിരുന്നു. നിലവിൽ ഈ വസ്തുവിലേക്ക് പ്രവേശിക്കുന്നതിന് ചെറിയ നടവഴി മാത്രമാണ് ഉണ്ടായിരുന്നത്. ഈ കാര്യങ്ങളും 2011 ജൂലൈ മാസത്തിൽ സെൻറിന് 38,000 രൂപ വിലവച്ച് പ്രമാണം നടന്ന വസ്തുവിന്റെ കാര്യവും പരിഗണിക്കാതെ സെൻറിന് 80,000 രൂപയോളം വില നിർണയിച്ച് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തഹസിൽദാർ 2012 ൽ 69 ലക്ഷം രൂപ വില കാണിച്ച് വസ്തുവിന് വാല്യൂവേഷൻ സർട്ടിഫിക്കറ്റ് നൽകിയത്.

വില്ലേജ് ഓഫീസർ തയാറാക്കിയ റിപ്പോർട്ടിൽ പരിശോധന നടത്താതെ, ഫയൽ സെക്ഷൻ സൂപ്രണ്ടുപോലും പരിശോധിക്കാതെ വളരെ കൂടിയ തുകക്കുള്ള സർട്ടിഫിക്കറ്റ് അനുവദിച്ചു. തഹസിൽദാരുടെ ഈ പ്രവർത്തനം ന്യായീകരിക്കത്തക്കതല്ല. താലൂക്ക് ഓഫീസിൽ പാലിക്കേണ്ടിയിരുന്ന നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാതെ തിടുക്കം കാണിച്ച് സർട്ടിഫിക്കറ്റ് നൽകിയ തഹസിൽദാരുടെ പ്രവർത്തി കുറ്റകരവും പെരുമാറ്റചട്ടങ്ങളുടെ ലംഘനവും ശിക്ഷാർഹവുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മോഹൻ കുമാർ നൽകിയ മറുപടിയും തൃപ്തികരമായിരുന്നില്ല. അതിനാലാണ് പെൻഷനിൽനിന്ന് പ്രതിമാസം 500 രൂപ വീതം ആജീവനാന്തം കുറവ് വരുത്താൻ ഉത്തരവായത്. 

Tags:    
News Summary - Action against Tehsildar for issuing high valuation certificate for property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.