നെടുമ്പാശ്ശേരി: അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോൾ അവരെ രക്ഷിക്കാനായി രാജ്യത്ത് വലിയ രാഷ്ട്രീയ ധ്രുവീകരണമാണുണ്ടാകുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വികസനത്തിന് തടസ്സം അഴിമതിയാണ്. അഴിമതിക്കെതിരെ നിർണായകയുദ്ധം നയിക്കേണ്ട സമയമാണിത്. എന്നാൽ, അഴിമതിക്കെതിരായ നടപടികളെ നേരിടാനാണ് ചിലർ രാഷ്ട്രീയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നത് -കൊച്ചി വിമാനത്താവളത്തിൽ ബി.ജെ.പി പ്രവർത്തകർ ഒരുക്കിയ സ്വീകരണ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിൽ ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികൾ കേന്ദ്രം നടപ്പാക്കിയെന്ന് മോദി പറഞ്ഞു. കൊറോണക്കാലത്ത് കേരളത്തിലെ ഒന്നരക്കോടി ജനങ്ങൾക്ക് സൗജന്യമായി റേഷൻ നൽകി. ഇതിന് 6000 കോടി രൂപ കേന്ദ്രം അധികമായി ചെലവഴിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം രണ്ടുലക്ഷം വീടുകളുടെ നിർമാണം കേരളത്തിൽ പുരോഗമിക്കുന്നു. ഇതിൽ ഒരു ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയായി. കിസാൻ ക്രെഡിറ്റ് കാർഡ്പോലുള്ള പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കും.
എല്ലാ വിഭാഗത്തിന്റെയും വിശ്വാസമാർജിച്ചാണ് കേന്ദ്രസർക്കാർ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. നിർധന രോഗികൾക്ക് ചികിത്സാസഹായത്തിനും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ജില്ലതോറും ഒരു മെഡിക്കൽ കോളജ് എന്ന പദ്ധതി നടപ്പാകുമ്പോൾ കേരളത്തിലെ ആരോഗ്യമേഖലയിലുള്ള യുവാക്കൾക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഓണാഘോഷത്തിനിടെ കേരളത്തിൽ എത്താൻ സാധിച്ചത് സൗഭാഗ്യമായി കരുതുന്നു എന്നു പറഞ്ഞ മോദി, എല്ലാ മലയാളികൾക്കും ഓണാശംസ നേർന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് ഓണക്കോടി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.