മികച്ച ഇടത് സർക്കാർ അച്യുതമേനോ​േൻറത്​ -ബിനോയ് വിശ്വം

കാസര്‍കോട്‌: ബൂര്‍ഷ്വാ സാമൂഹ്യഘടനയ്‌ക്കകത്ത്‌ നില്‍ക്കേ കമ്മ്യൂണിസ്റ്റുകാര്‍ ഭരണം എങ്ങനെ കയ്യാളണമെന്നതിന്റെ ഉത്തമമായ മാതൃകകയാണ്‌ സി.അച്യുതമേനോനെന്ന്‌ സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ്‌ വിശ്വം എം പി പറഞ്ഞു. സി അച്യുതമേനോന്‍ ദിനത്തില്‍ സി.പി.ഐ കാസര്‍കോട്‌ ഫെയ്‌സ്‌ ബുക് ലൈവില്‍ സംഘടിപ്പിച്ച അനുസ്‌മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എക്കാലത്തും കമ്യൂണിസ്റ്റ്‌കാര്‍ക്കും പുരോഗമന കാഴ്‌ചപ്പാടുള്ളവര്‍ക്കും ആവേശം പകരുന്ന മനുഷ്യസ്‌നേഹിയായ നേതാവാണ്‌ സി അച്യുതമേനോന്‍. ആധുനിക കേരളത്തിന്റെ വികസനത്തിന്‌ അസ്ഥിവാരമിട്ട നിരവധി സ്ഥാപനങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കേയാണ്‌ ആരംഭിച്ചത്‌. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിക്കൊണ്ട്‌ ജന്മിത്തം അവസാനിപ്പിക്കാന്‍ കേരളത്തിന്‌ സാധിച്ചത്‌ അദ്ദേഹം നേതൃത്വം നല്‍കിയ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട്‌ മാത്രമാണ്‌. സമ്പന്നവര്‍ഗം കൈവശം വച്ചിരുന്ന കേരളത്തിലെ വനഭൂമി ദേശസാല്‍ക്കരിക്കാനുള്ള തീരുമാനവും വിപ്ലവകരമായിരുന്നു. എന്നാല്‍ അദ്ദേഹവും പിന്നീട്‌ പി.കെ.വി. യും മുഖ്യമന്ത്രിമാരായ സി.പി.ഐ നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ ഇന്നാട്ടില്‍ ചിലര്‍ക്ക്‌ ഇടത്‌ സര്‍ക്കാരുകളല്ലത്രേ.

ഒരു സര്‍ക്കാര്‍ ആര്‌ നയിച്ചു, എന്ത്‌ ചെയ്‌തു എന്നുള്ളതാണ്‌ ഇടത്‌ സ്വഭാവം നിശ്ചയിക്കുന്നതെങ്കില്‍ മറ്റേത്‌ ഇടത്‌ സര്‍ക്കാരിനെപ്പോലെയും ഇടത്‌ സ്വഭാവമുള്ളതായിരുന്നു ആ സര്‍ക്കാരുകള്‍. ജന്മിത്തത്തിന്റെ തായ് വേരറുത്ത അച്യുതമേനോന്‍ സര്‍ക്കാര്‍ ഇടത്‌ സര്‍ക്കാരല്ലെങ്കില്‍ മറ്റേത്‌ സര്‍ക്കാരാണ്‌ കേരളത്തില്‍ ഇടത്‌ സര്‍ക്കാരായിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. ആ രണ്ട്‌ സര്‍ക്കാരുകളെ ഇടത്‌ സര്‍ക്കാരുകളായിക്കാണാത്ത രാഷ്ട്രീയ അവിവേകം തിരുത്താന്‍ സമയമായി. ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ്‌ അത്തരമൊരു അവിവേകം കൊണ്ട്‌ നടക്കാന്‍ ചിലര്‍ക്കുള്ള പ്രേരണയെങ്കില്‍ അതിനിക്കാലത്ത്‌ പ്രസക്തിയില്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.