കാസർകോട്: എട്ട് കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ഖത്തർ ഫുട്ബാൾ ലോകകപ്പ് കാണാൻ പോകുന്നതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ എ.എം. നികേഷിനെ (32) യാണ് സുരക്ഷാ വിഭാഗം തടഞ്ഞുവെച്ച് പൊലീസിനെ ഏൽപിച്ചത്.
2013 മുതൽ 'കാസർകോട് ചന്ദ്രഗിരി ചിട്ടി ഫണ്ട്സ്' എന്ന പേരിൽ ചിട്ടി നടത്തി 300ഓളം ആളുകളിൽനിന്ന് എട്ടു കോടിയോളം രൂപ തട്ടിയെടുത്ത് നികേഷ് ഉൾപെടെയുള്ള അഞ്ചംഗ സംഘം മുങ്ങിയെന്നാണ് പരാതി. കാസര്‍കോട് ബാങ്ക് റോഡിലെ എസ്.എം.എസ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രജിത് കുമാര്‍, ദീപേഷ്, ഉണ്ണി കുളങ്ങര, ബേക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ നികേഷ്, ശ്രീജിത് എന്നിവരാണ് കേസിലെ പ്രതികൾ.
കരിവേടകം പുളുവഞ്ചിമൂലയിലെ ഗോപാലന്റെ മകന്‍ ടി.എം. രജിയുടെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. മാസത്തവണകളായി ചിട്ടി അടച്ചവരും ഇവരുടെ വാക്ക് വിശ്വസിച്ച് പല തരത്തിലുള്ള നിക്ഷേപം നടത്തിയവരുമാണ് വഞ്ചിക്കപ്പെട്ടത്. നിക്ഷേപത്തിന് സെക്യൂരിറ്റിയായി എഗ്രിമെന്റും ബാങ്ക് ചെക് ലീഫുകളും വാങ്ങിയിരുന്നതായി ഇടപാടുകാര്‍ പരാതിപ്പെട്ടിരുന്നു. പലരുടെയും കൈയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയിരുന്നതായും പരാതി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.