ഇരിങ്ങാലക്കുട: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പൊലീസിനെ കണ്ട് കുളത്തിൽ ചാടി. അനുനയിപ്പിച്ച് കരക്കുകയറ്റി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി വടക്കൻ വീട്ടിൽ ആഷിഖ് (34) ആണ് പിടിയിലായത്.
യുവതിയുമായി സൗഹൃദത്തിലായിരുന്ന സമയത്ത് പകർത്തിയ ചിത്രം യുവതിയുടെ അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടെയും ഫോണിലേക്ക് അയച്ചുകൊടുത്ത് മാനഹാനി വരുത്തിയെന്നാണ് ഇയാൾക്കെതിരെ ഇരിങ്ങാലക്കുട സൈബർ പൊലീസ് ചാർജ് ചെയ്ത കേസ്. ഈ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ആഷിഖ് കൊടുങ്ങല്ലൂർ ഭാഗത്തുണ്ടെന്ന രഹസ്യ വിവരം ലഭിച്ച് പൊലീസ് എത്തിയതോടെയാണ് ആഷിഖ് രക്ഷപ്പെടുന്നതിനായി സമീപത്തുള്ള കുളത്തിലേക്ക് ചാടിയത്.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമം, മോഷണം ഉൾപ്പെടെ പത്ത് ക്രിമിനൽക്കേസുകളിലെ പ്രതിയാണ് ആഷിഖ്. തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ്. സുജിത്ത്, ജി.എസ്.ഐ ടി.എൻ. അശോകൻ, സി.പി.ഒമാരായ ഷിബു വാസു, അനീഷ്, പവിത്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കളമശ്ശേരി: വെർച്വൽ അറസ്റ്റ് വഴി കളമശ്ശേരി സ്വദേശിയുടെ ഒരു കോടി ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികളെ അറസ്റ്റു ചെയ്തു. മുക്കം തുമ്പച്ചാലിൽ മുഹമ്മദ് ജസീൽ (23), നീലേശ്വരം തെക്കേക്കുന്നത്ത് ടി.കെ. മുഹമ്മദ് (24) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ 13ന് രാവിലെ 10.45ന് വാട്ട്സാപ്പ് മുഖേന രഞ്ജിത് കുമാർ എന്നയാൾ ലഖ്നോ ബി.ടി പൊലീസ് ഇൻസ്പെക്ടർ ആണെന്ന് പറഞ്ഞ് കളമശ്ശേരി സ്വദേശിയായ പരാതിക്കാരന്റെ മൊബൈൽ നമ്പറിലേക്ക് വീഡിയോകാൾ ചെയ്തു. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ ഐ.എസ്.ഐ പാകിസ്താന് ചോർത്തി കൊടുക്കുന്നതിനു വേണ്ടി ആസിഫ് ഫൗജി എന്ന ആളുടെ കൈയിൽ നിന്നും 55 ലക്ഷം കൈക്കൂലിയായി വാങ്ങിയിട്ടുള്ളതായി പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. കേസിൽനിന്ന് ഒഴിവാക്കാൻ ഒന്നാം പ്രതിയുടെ കർണാടകയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു കോടി അഞ്ച് ലക്ഷത്തി ആറായിരത്തി ഒരുന്നൂറ്റി എൺപത്തിനാലായിരം രൂപ ട്രാൻസ്ഫർ ചെയ്യണമെന്ന് പറയുകയും ചെയ്തു. തുടർന്ന് ഈ തുക ട്രാൻസ്ഫർ ചെയ്തു. തട്ടിപ്പായിരുന്നു എന്ന് മനസ്സിലായതോടെ കളമശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കോഴിക്കോട് നിന്നും രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.