കോഴിക്കോട്: കോർപറേഷന്റെതടക്കമുള്ള അക്കൗണ്ടുകളിൽനിന്ന് കോടികൾ അനധികൃതമായി പിൻവലിച്ച് തിരിമറി നടത്തിയെന്ന കേസിലെ പ്രതി പഞ്ചാബ് നാഷനൽ ബാങ്ക് മുൻ സീനിയർ മാനേജർ നായർ കുഴി ഏരിമല പറപ്പാറമ്മൽ വീട്ടിൽ എം.പി. റിജിൽ (32) നൽകിയ ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. സുരാജ് തള്ളി. പ്രതിയുടെ റിമാൻഡ് കാലാവധി ജനുവരി 12 വരെ നീട്ടി.
വലിയ തുക ക്രമക്കേട് നടത്തിയ കേസാണെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽതന്നെ ജാമ്യമനുവദിക്കുന്നത് തുടരന്വേഷണത്തിന് ദോഷമുണ്ടാക്കുമെന്നും മറ്റുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. റിമാൻഡ് കാലാവധി പൂർത്തിയായ വ്യാഴാഴ്ച അഭിഭാഷകൻ വീണ്ടും ജാമ്യാപേക്ഷ നൽകുകയായിരുന്നു. നേരത്തേ ഇതേ കോടതി ജാമ്യാപേക്ഷയും ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷയും തള്ളിയിരുന്നു.
റിമാൻഡ് കാലാവധിക്കിടെ കോടതി പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതിഭാഗം അടുത്ത ദിവസം ജില്ല സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും.അതേസമയം, പ്രതി റിജിൽ ഓൺലൈൻ റമ്മിയിൽ 80 ലക്ഷം രൂപയും ഓഹരി വിപണിയിൽ 11.37 കോടിയും നഷ്ടപ്പെടുത്തിയതായാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇതുവരെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കോർപറേഷന്റെ പി.എൻ.ബിയിലെ മുഴുവൻ അക്കൗണ്ടുകളും സ്റ്റേറ്റ് ബാങ്കിലേക്ക് മാറ്റാനുള്ള തീരുമാനം ഇതുവരെ നടപ്പായില്ല. പി.എൻ.ബിയിൽ കോർപറേഷൻ ജീവനക്കാരുടെ അക്കൗണ്ടുകളും മറ്റുമുള്ളതിനാലാണിതെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.