ദേശീയപാത ഉപരോധിച്ച കോൺഗ്രസ് നേതാവ് എം.ജെ. ജോമിയെയും യൂത്ത് കോൺഗ്രസ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ
മാഞ്ഞാലി: സ്കൂട്ടർ കുഴിയിൽ വീണുണ്ടായ അപകടത്തിൽ അജ്ഞാത വാഹനമിടിച്ച് മരിച്ച അങ്കമാലി ടെൽക്ക് കവലയിലെ ബദ്രിയ ഹോട്ടൽ ഉടമ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ. ഹാഷിമിന്റെ മൃതദേഹം മാട്ടുപുറം കൈമൾതുരുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.ദേശീയപാത നെടുമ്പാശ്ശേരി അത്താണി എം.എ.എച്ച്.എസ് സ്കൂളിന് സമീപത്തെ വളവിലെ ഭീമൻ കുഴിയിൽ സ്കൂട്ടർ വീണ് എതിർദിശയിലെ ട്രാക്കിലേക്ക് ഹാഷിം തെറിച്ചുവീണു.ഈ സമയം അങ്കമാലി ഭാഗത്തേക്ക് പോകുകയായിരുന്ന അജ്ഞാത വാഹനം ദേഹത്ത് കയറി ജീവൻപൊലിയുകയായിരുന്നു.
അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് നീക്കിയ മൃതദേഹം രാത്രിതന്നെ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം ഒരുമണിയോടെയാണ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കിയത്.
അത്താണി: ദേശീയപാതയിലെ ആഴക്കുഴികളിൽ മനുഷ്യജീവൻ പൊലിയുന്നതിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് അപകടമുണ്ടായ അത്താണി എം.എ.എച്ച്.എസ് സ്കൂളിന് സമീപം കോൺഗ്രസ് നെടുമ്പാശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. ദേശീയപാതയിലെ അപകടാവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട് മൂന്നുമാസം മുമ്പ് നേരിട്ട് നിവേദനം നൽകിയിട്ടും നാളിതുവരെ പരിഹാരം കണ്ടില്ലെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ എം.ജെ. ജോമി പറഞ്ഞു.
റോഡ് ഉപരോധിച്ചതോടെ ദേശീയപാതയിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയായി. അതോടെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിൽ കയറാതെ പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.
കൂടുതൽ പൊലീസെത്തിയാണ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയത്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ടി.എ. ചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെകട്ടറി ലിന്റോ പി. ആന്റോ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലം, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി എ.കെ. ധനേഷ്, പഞ്ചായത്തംഗങ്ങളായ ജോബി നെൽക്കര, മാർട്ടിൻ മള്ളുശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.
അത്താണി: യഥാസമയം അറ്റകുറ്റപ്പണി നടത്താത്ത ദേശീയപാത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ദേശീയപാത അത്താണിയിൽ വാഴനട്ട് പ്രതിഷേധിച്ചു. വെള്ളിയാഴ്ച രാത്രി അങ്കമാലി ബദ്രിയ്യ ഹോട്ടൽ ഉടമ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രതീകാത്മകമായി വാഴ നട്ടത്.
അപകടമുണ്ടായ നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂൾ സമീപത്തുനിന്ന് വാഴയുമേന്തി പ്രകടനമായെത്തിയാണ് കുഴികളിൽ വാഴ നട്ടത്. പ്രതിഷേധം ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, പഞ്ചായത്ത് അംഗം എ.വി. സുനിൽ എന്നിവർ സംസാരിച്ചു.
അങ്കമാലി: ദേശീയപാത അത്താണിയിൽ കുഴിയിൽപെട്ട് തെറിച്ചുവീണ് സ്കൂട്ടർ യാത്രികൻ മരിക്കാനിടയായ സംഭവത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ബെന്നി ബഹനാൻ എം.പി കത്തയച്ചു. റോഡിലെ കുഴികളും മറ്റ് ശോച്യാവസ്ഥകളും നിരന്തരം ദേശീയപാത അധികൃതരെ അറിയിച്ചിരുന്നുവെന്നും എന്നാൽ, ഇതുവരെ ഒരു പരിഹാരവുമുണ്ടായില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച നിതിൻ ഗഡ്കരി വിളിച്ചുചേർത്ത കേരളത്തിലെ എം.പിമാരുടെ യോഗത്തിലും ചാലക്കുടി മണ്ഡലത്തിലെ ദേശീയപാതയിലെ അപാകതകൾ എം.പി മന്ത്രിയെ ധരിപ്പിച്ചിരുന്നു. മരിച്ച ഹാഷിമിെൻറ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.