കുട്ടികള്‍ക്ക് നേരെയുള്ള അക്രമം അഞ്ചിരട്ടിയായി

കാസര്‍കോട്:: സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിട്ടില്ളെന്ന കണക്കുകള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങളും 2016 ഡിസംബറില്‍ പാരമ്യത്തിലത്തെിയതായി പൊലീസിന്‍െറ ക്രൈം റെക്കോഡ്സ് ബ്യൂറോ. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുണ്ടായ ക്രൂരമായ അക്രമങ്ങള്‍ക്കെതിരെ ശക്തമായ പൊതുവികാരവും മാധ്യമ വിചാരണകളും ഉണ്ടായിട്ടും അക്രമം അഞ്ചിരട്ടിയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
 

2008ല്‍ 215 കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. 2016 വരെയുള്ള ഇതിന്‍െറ ഗ്രാഫ് ഉയര്‍ന്നത് 235-(2009), 208(2010), 423(2011), 455(2012), 637(2013), 709(2014), 720(2015), 929(2016) എന്ന നിലയിലാണ്. 2015ലെ കണക്കില്‍നിന്ന് കുത്തനെ ഉയര്‍ന്നതാണ് കഴിഞ്ഞ വര്‍ഷത്തെ സവിശേഷത. കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ 2008ല്‍ 87 എന്നത് 83,111, 129, 147, 136, 116, 171, 149 എന്നിങ്ങനെ ഉയരുകയാണ്. കുട്ടികളെ കൊലപ്പെടുത്തുന്നതുപോലും കുറയുന്നില്ല. ഇല്ലാതിരുന്ന  ശിശുഹത്യ കഴിഞ്ഞ രണ്ടുവര്‍ഷമായി രേഖപ്പെടുത്തിത്തുടങ്ങി. ഭ്രൂണഹത്യ മാത്രം രേഖപ്പെടുത്തിയിട്ടില്ല. ശൈശവ വിവാഹം 2013, 14, 15 വര്‍ഷങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്.  

2008ല്‍ മറ്റ് അതിക്രമങ്ങള്‍ 183 ആയിരുന്നത് 2016 പിന്നിടുമ്പോള്‍ 1770 എന്ന നിലയില്‍ പത്തിരട്ടിയോളം വര്‍ധിച്ചു. കുട്ടികള്‍ക്കെതിരെയുള്ള മൊത്തം കുറ്റകൃത്യം 2008ലെ 549 എന്നത് 589(2009), 596(2010), 1452(2011), 1324(2012), 1887(2013),2286(2014), 2384(2015), 2899(2016) എന്നിങ്ങനെ ആശങ്ക ഉയര്‍ത്തുന്നതാണ്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഏറെയുള്ളതാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും തോത് വര്‍ധിക്കുന്നതിനും കാരണമാകുന്നതെന്ന് പൊലീസ് പറയുന്നുവെങ്കിലും ശിശുക്ഷേമസമിതി, ബാലാവകാശ കമീഷന്‍, ചൈല്‍ഡ് ലെന്‍ എന്നീ സംഘടനകളുടെ സാന്നിധ്യം ശക്തമായ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടയില്‍ അക്രമങ്ങള്‍ പെരുകുന്ന കണക്കുകളാണ് ക്രൈം റെക്കോഡ്സ് ബ്യൂറോ രേഖപ്പെടുത്തിയിരിക്കുന്നത്. അക്രമങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനങ്ങളുണ്ട് എന്നതല്ലാതെ അവ കുറക്കുന്ന നടപടികളില്ല എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  

Tags:    
News Summary - abuse against children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.