അബൂദബിയിലെ ഇരട്ട കൊലപാതകം: ഹാരിസിന്‍റെ ഭാര‍്യയും ഭാര‍്യാപിതാവും ഉൾപ്പടെ 11 പ്രതികൾ

നിലമ്പൂർ: പ്രവാസി വ്യവസായി കോഴിക്കോട് ഈസ്റ്റ് മലയമ്മയിലെ തത്തമ്മപറമ്പിൽ ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശി ഡെൻസി ആന്‍റണി എന്നിവർ അബൂദബിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഹാരിസിന്‍റെ ഭാര‍്യയും ഭാര‍്യാപിതാവും ഉൾപ്പടെ 11 പേർ പ്രതികൾ. ഹാരിസിന്‍റെ മാതാവ് സാറാബിയും സഹോദരി ഹാരിഫയും നൽകിയ ഹരജിയിൽ ഹൈകോടതി കേസന്വേഷണം സി.ബി.ഐക്ക് വിട്ടെങ്കിലും സി.ബി.ഐ ഏറ്റെടുത്തിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്ത ശേഷമേ ലോക്കൽ പൊലീസിൽനിന്ന് സി.ബി.ഐ കേസ് ഏറ്റെടുക്കുകയുള്ളു.

അതേസമയം കേസുമായി ബന്ധപ്പെട്ട ഫയൽ അന്വേഷണ ചുമതല വഹിച്ചിരുന്ന നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാം ഡി.ജി.പിക്ക് കൈമാറി. കോടതിയിലുള്ള കേസ് ഫയലുകളും രേഖകളും പരിശോധന റിപ്പോർട്ടുകളും സി.ബി.ഐയുടെ പ്രത‍്യേക കോടതിക്ക് കൈമാറും.

2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെയും ജീവനക്കാരി ഡെൻസിയേയും അബൂദബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടത്. ബാത്ത് ടബിൽ രക്തം വാർന്ന നിലയിലാണ് ഹാരിസിന്‍റെ മൃതദേഹം കിടന്നിരുന്നത്. സാഹചര്യ തെളിവുകൾ വെച്ച് ഡെൻസിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കിയെന്ന നിഗമനത്തിൽ അബൂദബി പൊലീസ് അവസാനിപ്പിച്ച കേസാണ് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞത്.

മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബ ശരീഫിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദ് സെക്രട്ടേറിയറ്റിന് മുന്നിൽ താനും സംഘവുമാണ് ഹാരിസിനെയും യുവതിയെയും കൊന്നതെന്ന് വിളിച്ചുപറഞ്ഞിരുന്നു. ഹാരിസിന്‍റെ ബിസിനസ് പങ്കാളിയായിരുന്ന നിലമ്പൂർ മുക്കട്ടയിലെ കൈപ്പഞ്ചേരി ഷൈബിൻ അഷറഫിന്‍റെ നിർദേശപ്രകാരമാണ് കൊല നടത്തിയതെന്നായിരുന്നു ഏറ്റുപറച്ചിൽ.

നൗഷാദിന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാരിസിന്‍റെയും ഡെൻസി ആന്‍റണിയുടെയും മരണങ്ങൾ കൊലപാതകമാണെന്ന് തെളിഞ്ഞത്.

Tags:    
News Summary - Abu Dhabi double murder: 11 suspects including Harris' wife and father-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.