കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിെൻറ കൊലപാതകത്തിലെ ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. കൊലപാതകവും ഗൂഢാേലാചനയും സംബന്ധിച്ച വിവരങ്ങളാണ് ലഭിച്ചത്. അഭിമന്യു അടക്കം മൂന്നുപേരെ കുത്തിയത് മൂന്നുപേരാണ്.
കൃത്യത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത എല്ലാവരെക്കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവർ, തങ്ങിയ സ്ഥലങ്ങൾ എന്നിവയെ കുറിച്ചെല്ലാം വിവരം കിട്ടിയിട്ടുണ്ട്. അഭിമന്യു കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പ് എറണാകുളത്ത് ചേർന്ന കാമ്പസ് ഫ്രണ്ട് ജില്ല കമ്മിറ്റി യോഗമാണ് കോളജിലെ ഒന്നാംവർഷ വിദ്യാർഥികളുടെ പ്രവേശനദിനത്തോടനുബന്ധിച്ച് പ്രശ്നം സൃഷ്ടിക്കാനും ആവശ്യമെങ്കിൽ ആക്രമണം നടത്താനും തീരുമാനിച്ചതെന്നാണ് െപാലീസ് കണ്ടെത്തിയത്.
പോപുലർ ഫ്രണ്ട് നേതാക്കൾ സംഘടിതമായി പ്രതികളെ സംരക്ഷിക്കുന്നതായാണ് വിവരം. മറ്റ് പ്രതികൾ പിടിയിലാകാൻ പ്രയാസം നേരിട്ടത് ഇതിനാലാണ്. എന്നാൽ, എല്ലാ പ്രതികളെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. കാമ്പസിൽ പ്രശ്നം സൃഷ്ടിച്ച് ഒന്നോ രണ്ടോ പേരെ വകവരുത്തണമെന്ന് തീരുമാനിച്ചു. ഇതിന് മറ്റ് ജില്ലകളിൽ നിന്നടക്കമുള്ള പോപുലർ ഫ്രണ്ട് പ്രവർത്തകർ എറണാകുളം നോർത്തിലെ കൊച്ചിൻ ഹൗസിൽ സംഘടിച്ചു.
ഇപ്പോൾ പിടിയിലായ മുഹമ്മദ് വിളിച്ചറിയിച്ചപ്പോൾ ഇവിടെനിന്ന് ആയുധങ്ങളുമായാണ് എല്ലാവരും പുറപ്പെട്ടത്. ഈ സംഘത്തിന് കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് റിഫയാണ് നേതൃത്വം നൽകിയത്. പൂത്തോട്ട ലോ കോളജിലെ വിദ്യാർഥിയായ ഇയാളാണ് പോപുലർ ഫ്രണ്ടുകാരെ കൊലയാളി സംഘത്തിലെത്തിച്ചത്. റിഫയുടെ ഫോൺ കാളുകളുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, കേസിൽ അറസ്റ്റിലായ മുഹമ്മദിനെ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ചെയ്ത പത്തോളം പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.