കരിപ്പൂരിൽ വലിയ വിമാനങ്ങൾ വൈകരുത്; അബ്ദുസ്സമദ് സമദാനി സിവിൽ ഏവിയേഷനൻ ജോയിന്‍റ് സെക്രട്ടറിയുമായി ചർച്ച നടത്തി

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ ഇനിയും വൈകരുതെന്ന് ആവശ്യപ്പെട്ട് വിമാനത്താവള ഉപദേശകസമിതി ചെയർമാൻ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ബന്ധപ്പെട്ട ചുമതലവഹിക്കുന്ന സിവിൽ ഏവിയേഷൻ ജോയിന്‍റ് സെക്രട്ടറി സത്യേന്ദ്രകുമാർ മിശ്രയുമായി ചർച്ച നടത്തി.

വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങളുടെ സർവിസ് നിർത്തി വെച്ചതിനാൽ പ്രവാസികൾ അടക്കമുള്ള യാത്രക്കാർ അനുവഭിക്കുന്ന പ്രയാസം അദ്ദേഹത്തെ ധരിപ്പിച്ചു. അപകട റിപ്പോർട്ടിൽ സുരക്ഷാ വീഴ്ച്ചയൊന്നും പരാമർശിക്കപ്പെട്ടിട്ടില്ല. വിമാനത്താവളത്തിലെ ഭൗതികസൗകര്യങ്ങളുമായി അപകടത്തിന് ഒരു ബന്ധവുമില്ലെന്ന കാര്യവും റിപ്പോർട്ടിൽ വ്യക്തമായി പരാമർശിച്ചിരുന്നു. എന്നിട്ടും സർവിസ് പുനരാരംഭിക്കാൻ വൈകുകയാണ്. 18 വർഷത്തോളം വലിയ വിമാനങ്ങളുടെ സർവിസ് കരിപ്പൂരിൽ നല്ലനിലയിൽ നടന്നുവന്നതാണെന്നും ആ കാലയളവിൽ ഒരു രാജ്യാന്തര എയർലൈൻ സ്ഥാപനവും കരിപ്പൂരിൽ ഒരു തടസ്സവും കണ്ടെത്തുകയോ ഉന്നയിക്കുകയോ ചെയ്തിട്ടില്ലെന്നും സമദാനി ചർച്ചയിൽ പറഞ്ഞു.

സർവിസ് തുടങ്ങാൻ വൈകുന്നത് വിമാനത്താവളത്തിലെ ക്ഷേമത്തെയും ദോഷകരമായി ബാധിക്കുകയാണെന്നും സമദാനി വ്യക്തമാക്കി. യാത്രക്കാരുടെ സഞ്ചാരത്തിലും ലാഭമുണ്ടാക്കുന്നതിലും ഏറെ മുമ്പിലാണ് കരിപ്പൂർ. കോവിഡ് കാലത്തും ദേശീയവരുമാനത്തിൽ നല്ല പങ്ക് വഹിക്കാൻ കരിപ്പൂരിന് കഴിഞ്ഞു. വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചാലുടൻ വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് സത്യേന്ദ്രകുമാർ മിശ്ര പറഞ്ഞു. വിഷയത്തിന്‍റെ ഗൗരവത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും എല്ലാം പരിഗണിച്ച് വൈകാതെ തീരുമാനത്തിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Abdussamad Samadani held discussions with the Civil Aviation Joint Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.