representational image
ആലപ്പുഴ: നവജാതശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് കൂടുതൽ തെളിവുകൾ തേടി ഫോൺ രേഖകൾ പരിശോധിക്കും. കുട്ടിയെ ഉപേക്ഷിച്ചതിന് പിന്നിൽ ആരുടെയെങ്കിലും പ്രേരണയും സഹായവും ഉണ്ടായോയെന്ന കാര്യവും പൊലീസ് അന്വേഷിക്കും. ഇതിന്‍റെ ഭാഗമായി യുവതിയുടെയും ഭർത്താവിന്‍റെയും ഫോൺരേഖകൾ ശാസ്ത്രീയമായി പരിശോധിക്കുന്നതിനൊപ്പം സംശയമുള്ള മറ്റുള്ളവരുടെയും ഫോണുകൾ പരിശോധിക്കും.
ഭാര്യ ഗർഭിണിയാണെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി. ഇതോടെയാണ് സംഭവത്തിൽ ദുരൂഹതയേറിയത്. കുട്ടിയെ വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചശേഷമാണ് ഇതേക്കുറിച്ച് അറിയില്ലെന്ന് ഭർത്താവ് മൊഴിനൽകിയത്. തുടർന്നാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കുന്നത്. പ്രസവവുമായി ബന്ധപ്പെട്ട ദുരൂഹതകളുമുണ്ട്.
ആദ്യം കുഞ്ഞിന്റെ മാതൃത്വം നിഷേധിക്കുകയും മുലപ്പാൽ നൽകാതിരിക്കുകയും ചെയ്‌തതോടെ പൊലീസ് ഡി.എൻ.എ പരിശോധനക്ക് തീരുമാനിച്ചതിന് പിന്നാലെയാണ് കുഞ്ഞ് തന്‍റേതാണെന്ന് യുവതി വെളിപ്പെടുത്തിയത്. കുട്ടിയെ ഉപേക്ഷിച്ചതിനാണ് കേസെടുത്തത്. ബാലാവകാശ കമീഷനും ശിശുക്ഷേമ സമിതിയും കുഞ്ഞിന്റെ സംരക്ഷണം സംബന്ധിച്ച് നിർദേശം നല്‍കിയിട്ടുണ്ട്. പൂർണആരോഗ്യം കൈവരിക്കുന്നതോടെ കുട്ടിയെ ശിശുപരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. ആലപ്പുഴ നോർത്ത് എസ്.ഐ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.