എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. പ്രേംകുമാറിന്റെ നേതൃത്വത്തിൽ ഒറ്റപ്പാലത്തുനിന്ന് മായന്നൂർ പാളത്തിലേക്ക് സംഘടിപ്പിച്ച മോണിങ് വാക്
ഒറ്റപ്പാലം: ത്രികോണ മത്സരം ശക്തമായ ഒറ്റപ്പാലം മണ്ഡലത്തിൽ ഇക്കുറി ജനവിധി തേടുന്ന മുന്നണി സ്ഥാനാർഥികൾ ജനങ്ങളിൽ ഭൂരിഭാഗത്തിനും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പരിചിതരാണ്. സിറ്റിങ് എം.എൽ.എ അഡ്വ. കെ. പ്രേംകുമാറാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
രണ്ടാമൂഴം ഉറപ്പിക്കുക മാത്രമല്ല കഴിഞ്ഞ തവണ നേടിയ 15,152 വോട്ടിന്റെ ഭൂരിപക്ഷം ഉയർത്തുക എന്ന ലക്ഷ്യവുമായാണ് പ്രേംകുമാറിന്റെ പ്രചാരണം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് അദ്ദേഹം വീണ്ടും ജനവിധി തേടുന്നത്. ഇടതുചായ്‌വുള്ള മണ്ഡലം ഇക്കുറിയും തുണക്കുമെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥിയും മുന്നണിയും.
യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത് ഇടത് പാളയം വിട്ട പി.കെ. ശശിയാണ്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മുൻ അംഗമായ പി.കെ. ശശി 2015-2021ൽ ഇടതു മുന്നണിയുടെ ഷൊർണൂർ എം.എൽ.എ ആയിരുന്നു. കെ.ടി.ഡി.സി ചെയർമാൻ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ്, ജില്ല സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
മണ്ഡലത്തിൽ പുതുമുഖമാണെങ്കിലും രാഷ്ട്രീയ രംഗത്ത് ദീർഘകാല പരിചയം കൈമുതലായുള്ള ഇദ്ദേഹം ജനത്തിന് ചിരപരിചിതനാണ്. വർഷങ്ങളോളം ഇടത് പ്രസ്ഥാനത്തെ നയിച്ചതിന്റെ കരുത്തുമായാണ് മത്സരത്തിനിറങ്ങുന്നത്.
പി.കെ. ശശി സ്ഥാനാർഥിയായി വരുന്നതിനെ കോൺഗ്രസിലെ ഒരു വിഭാഗം നേരത്തെ എതിർത്തിരുന്നു. എന്നാൽ, പിന്നീട് ചിത്രം മാറി. മഞ്ഞുരുകി ശശിക്ക് പൂർണ പിന്തുണ ഉറപ്പിക്കും വിധത്തിലാണ് പ്രചാരണം പുരോഗമിക്കുന്നത്.
കൈപ്പത്തി ചിഹ്നം അനുവദിക്കാത്ത സാഹചര്യത്തിൽ ലഭിച്ച തെങ്ങിൻ തോപ്പ് ചിഹ്നം ചെല്ലുന്നിടത്തെല്ലാം ഓര്മപ്പെടുത്താനും ശശി മറക്കുന്നില്ല. ‘തെങ്ങ് ചതിക്കില്ല, ഞാനും’ -ചിഹ്നം തെങ്ങിൻ തോപ്പാണെന്ന് പരിചയപ്പെടുത്തുന്ന ശശിയുടെ കമൻറാണിത്. പി.കെ. ശശിക്ക് അപരനായി ശശി പി.കെ എന്ന സ്വതന്ത്രനും ഇത്തവണ മത്സരരംഗത്തുണ്ട്.
എൻ.ഡി.എ സ്ഥാനാർഥിയായി ഇത്തവണ വിമുക്ത ഭടനും സംവിധായകനും നടനുമായ എ.കെ. രവീന്ദ്രൻ എന്ന മേജർ രവിയാണുള്ളത്. തെരഞ്ഞെടുപ്പ് മത്സരത്തിൽ കന്നിക്കാരനെങ്കിലും സംവിധാനം ചെയ്ത സിനിമകളിലൂടെ ഇദ്ദേഹവും പരിചിതനാണ്.
2011, 2016, 2021 വർഷങ്ങളിൽ എൻ.ഡി.എ സ്ഥാനാർഥിയായി മണ്ഡലത്തിൽ ജനവിധി തേടിയത് നിലവിൽ ബി.ജെ.പി പാലക്കാട് ജില്ല വെസ്റ്റ് പ്രസിഡൻറ് പി. വേണുഗോപാലനാണ്. 9,631, 27,605, 25,056 ക്രമത്തിലാണ് വേണുഗോപാലൻ വോട്ട് നേടിയത്. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് മേജർ ശശിയുടെ പ്രചാരണം.
ഒറ്റപ്പാലം നഗരസഭയും അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ട ഒറ്റപ്പാലം നിയമസഭ മണ്ഡലത്തിൽ മുന്നണിയിലേതുൾപ്പടെ ആറ് സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.