വെള്ളത്തിൽ വീണ രണ്ടര വയസ്സുകാരനെ വിദ്യാർഥി രക്ഷപ്പെടുത്തി

നാദാപുരം: വിനോദയാത്രക്കിടെ വെള്ളത്തിൽ വീണ രണ്ടര വയസ്സുകാരനെ പ്ലസ് ടു വിദ്യാർഥി രക്ഷപ്പെടുത്തി. പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ് ജേണലിസം ബാച്ചിലെ വിദ്യാർഥി കുറ്റ്യാടിയിലെ എൻ.കെ. മുഹമ്മദ് റിഷാലാണ് രണ്ടര വയസ്സുകാരനെ രക്ഷപ്പെടുത്തിയത്.

ആലുവ സ്വദേശി കൃഷ്ണകുമാറിന്റെയും തേജയുടെയും മകൻ യദുകൃഷ്ണനാണ് അപകടത്തിൽപെട്ടത്. മൂന്നാറിൽ വിനോദയാത്രക്ക് പോയ വിദ്യാർഥികൾ തിരിച്ചുവരുന്നതിനിടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലിറങ്ങി. അവിടെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം ചിത്രീകരണം പൂർത്തീകരിച്ച് മടങ്ങുന്നതിനിടെയാണ് രണ്ടര വയസ്സുകാരൻ വെള്ളത്തിൽ വീണ് മുങ്ങുന്നത് റിഷാലിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ പാറക്കെട്ടിന് മുകളിൽ നിന്നും റിഷാൽ താഴേക്ക് ചാടി പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയ രണ്ടര വയസ്സുകാരനെ രക്ഷപ്പെടുത്തുകയായിരുന്നു.

വെള്ളത്തിൽ ചാടുന്നതിനിടെ റിഷാലിന്റെ കാലിന് ചെറിയ പരിക്കേറ്റു. നാദാപുരം ഉപജില്ല ഫുട്ബാൾ ടീമംഗമായ റിഷാൽ സപ്ടാക് ത്രോ വിഭാഗത്തിലെ സംസ്ഥാന ടീമംഗം കൂടിയാണ്. കുറ്റ്യാടി നൊട്ടികണ്ടിയിൽ ഗഫൂറിന്റെയും തസ്‍ലയുടെയും മകനാണ്. യദുകൃഷ്ണന്റെ മാതാപിതാക്കൾ റിഷാലിന്റെ പ്രവൃത്തിയെ അനുമോദിച്ചു.



Tags:    
News Summary - A student rescued a two year old boy who fell into the water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.