തിരുവന്തപുരം: നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കുഞ്ഞിനെ വാങ്ങിയ സ്ത്രീ. മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ വാങ്ങിയതെന്നും കരമന സ്വദേശിനി പറഞ്ഞു. തനിക്ക് കുഞ്ഞിന്റെ യഥാർത്ഥ മാതാവുമായി രണ്ടു വർഷത്തെ പരിചയമുണ്ട്. അവസ്ഥ കൊണ്ടു ചോദിച്ചതാണ്, അവരുടെ ഭർത്താവ് പ്രശ്നമുണ്ടാക്കിയപ്പോഴാണ് പണം നൽകിയത്. മൂന്നു ലക്ഷം രൂപ പലപ്പോഴായി ചോദിച്ചു. കുഞ്ഞിനെ വളർത്താനാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി.
നേരത്തെ കുഞ്ഞിന് വേണ്ടി അമ്മതൊട്ടിലിൽ സമീപിച്ചിരുന്നു. സ്വന്തമായി വീടില്ലാത്തതിനാൽ കിട്ടിയില്ല. പിന്നാലെ കുഞ്ഞില്ലാത്ത സങ്കടം കുഞ്ഞിന്റെ യഥാർത്ഥ അമ്മയോട് പലപ്പോഴായി പറഞ്ഞിരുന്നു. ഗർഭം ധരിക്കാമെന്ന് അവർ തന്നോട് സമ്മതിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
മൂന്ന് ലക്ഷം രൂപ നൽകി നവജാത ശിശുവിനെ വിൽപ്പന നടത്തിയത് ഇന്ന് ഉച്ചയോടെ പുറത്ത് വന്നത്. കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതാണ് നിർണായകമായത്. കുഞ്ഞില്ലാത്ത വീട്ടിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ ഒരാഴ്ച മുമ്പ് വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വിൽപ്പനയടക്കം പുറത്ത് വന്നത്.
പൊലീസ് ചോദ്യംചെയ്യലിൽ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് ഇവർ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ ഏറ്റെടുത്ത സി.ഡബ്ല്യു.സി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. യഥാർത്ഥ മാതാപിതാക്കളെ കുറിച്ച് സൂചനയുണ്ടെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.