ഹരിതവികസനത്തിന്റെ പുതിയ പാത; 'ഡോണട്ട് ഇക്കണോമിക്സ്' മാതൃകയുമായി മണിയൂർ പഞ്ചായത്ത്, രാജ്യത്ത് ആദ്യം

വടകര: പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്തുന്ന സുസ്ഥിര സാമ്പത്തിക മാതൃകയായ 'ഡോണട്ട് ഇക്കണോമിക്സ്' നടപ്പാക്കാൻ ഒരുങ്ങി കോഴിക്കോട് ജില്ലയിലെ മണിയൂർ ഗ്രാമപഞ്ചായത്ത്. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഈ വികസന മാതൃക പൂർണ്ണമായി അവലംബിക്കുന്നത്. പഞ്ചായത്തിന്റെ വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾക്കും ആസൂത്രണ സമിതി അംഗങ്ങൾക്കുമായി പ്രത്യേക ശില്പശാല സംഘടിപ്പിച്ചു.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ ഡോ. ജോസ് ചാത്തുക്കുളം, ജോൺ എസ്. മൂലക്കാട്ട് എന്നിവരാണ് ശില്പശാലയ്ക്ക് നേതൃത്വം നൽകിയത്. പരമ്പരാഗത വികസന സങ്കല്പങ്ങൾ പലപ്പോഴും ജി.ഡി.പി. വളർച്ചയ്ക്ക് മാത്രം പ്രാധാന്യം നൽകുമ്പോൾ, പ്രകൃതിയുടെ നിലനിൽപ്പ് കൂടി ഉറപ്പാക്കിക്കൊണ്ടുള്ള വികസനമാണ് ഡോണട്ട് ഇക്കണോമിക്സ് മുന്നോട്ട് വെക്കുന്നത്. 2012-ൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞയായ കേറ്റ് റോവർത്താണ് ഈ വേറിട്ട ആശയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.

ഒരു നാടിന്റെ വികസന ഭൂപടത്തിൽ കൈവരിച്ച നേട്ടങ്ങളും ഇനി നേടിയെടുക്കേണ്ട കാര്യങ്ങളും ലളിതമായ ഒരു ഗ്രാഫിലൂടെ (ഡോണട്ട് മാതൃകയിൽ) പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഇത് വികസന പ്രക്രിയയിൽ ജനപങ്കാളിത്തവും സുതാര്യതയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മണിയൂർ പഞ്ചായത്ത് ഈ മാതൃക സ്വീകരിക്കുന്ന വിവരം ആഗോളതലത്തിലുള്ള 'ഡോണട്ട് ആക്ഷൻ ലാബിലും' ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയിൽ പഞ്ചായത്തിൽ സമഗ്രമായ വികസന സർവേ ഉടൻ ആരംഭിക്കും. ഭവനരഹിതർ, ശൗചാലയമില്ലാത്തവർ, കുടിവെള്ള ലഭ്യത കുറവുള്ളവർ തുടങ്ങിയ അടിസ്ഥാന വിവരങ്ങളെല്ലാം സർവേയിലൂടെ ശേഖരിക്കും. തുടർന്ന് വിവരങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും, കണ്ടെത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യും. നിലവിലുള്ള വികസന പ്രവർത്തനങ്ങളെല്ലാം പൂർണ്ണമായും പ്രകൃതിസൗഹൃദമാക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പരിസ്ഥിതിയെ മുറിവേൽപ്പിക്കാതെ മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന പുതിയ പരീക്ഷണം കേരളത്തിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കും വലിയൊരു മാതൃകയാണ്.

Tags:    
News Summary - A new path for green development; Maniyoor Panchayat is the first in the country to adopt the 'Donut Economics' model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.