തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് വെൽഫെയർ പാർട്ടി. കേരളത്തിലെ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ജനകീയ സമരങ്ങളിലും വ്യതിരിക്തമായ നിലപാട് ഉയർത്തിപ്പിടിക്കുവാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
വി.എസിന്റെ വിയോഗത്തോടെ രാഷ്ട്രീയ കേരളത്തിന്റെ സംഭവബഹുലമായ അധ്യായത്തിനാണ് പരിസമാപ്തി വീഴുന്നത്. കഴിവും അധികാരവും സാധാരണ മനുഷ്യർക്ക് വേണ്ടി വിനിയോഗിച്ച നേതാവായിരുന്നു വി.എസ്. അദ്ദേഹത്തിന്റെ വേർപാട് ഏറെ ദുഃഖകരമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ വരമ്പുകൾക്കപ്പുറം നിന്ന് കേരളത്തിലെ ജനങ്ങൾ വി.എസിനെ ഓർമിക്കും. അദ്ദേഹത്തിന് വെൽഫെയർ പാർട്ടിയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും കുടംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന സന്ദർഭത്തിൽ പോലും കിനാലൂർ സമരം ഉൾപ്പെടെയുള്ള കേരളത്തിലെ നിരവധി ജനകീയ സമരങ്ങളിൽ ധീരമായ നിലപാട് സ്വീകരിക്കാൻ വി.എസിന് കഴിഞ്ഞു. റോഡ് വികസനത്തിന്റെ പേരിൽ നൂറുകണക്കിനു കുടുംബങ്ങളെ കുടിയിറക്കാൻ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമും കോഴിക്കോട് ജില്ലാ കലക്ടറും ചേർന്ന് പ്രത്യേകപദ്ധതി തയ്യാറാക്കി മുന്നോട്ടു പോകുന്ന സന്ദർഭത്തിലുണ്ടായ ജനകീയ സമരം കേരളത്തിലെ വിജയിച്ച ജനകീയ പോരാട്ടങ്ങളിൽ ഒന്നായിരുന്നു.
അമ്മമാരും കുഞ്ഞുങ്ങളുമുൾപ്പെട്ട സമരക്കാർക്കെതിരെ പൊലീസ് ക്രൂരമായ അക്രണം അഴിച്ചുവിട്ടു കൊണ്ടിരിക്കെ അന്നത്തെ മുഖ്യമന്ത്രിയായ വി.എസിനോട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പൊലീസ് പിൻമാറുകയുണ്ടായെന്നും റസാഖ് പാലേരി അനസ്മരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് ജനവിധി തേടുമ്പോൾ പിന്തുണ അഭ്യർഥിച്ച് വി.എസ് ബന്ധപ്പെട്ടതും ജനകീയ പ്രശ്നങ്ങളും മറ്റും വിശദമായി സംസാരിച്ചതും മറ്റൊരോർമയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.