കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിനുസമീപം ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ കൊറിയൻ യുവതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതിയെയാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.
കേസിൽ അന്വേഷണം തുടരുകയാണെന്നും പീഡനവുമായി ബന്ധപ്പെട്ട മൊഴി യുവതി ഇതുവരെ പൊലീസിന് നൽകിയിട്ടില്ലെന്നും കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ടൗൺ പൊലീസ് അസി. കമീഷണർ പി. ബിജുരാജ് പറഞ്ഞു. സന്ദർശക വിസയിൽ ഡിസംബർ ഒമ്പതിന് കരിപ്പൂരിൽ വിമാനമിറങ്ങിയ യുവതി കോഴിക്കോട്ടെത്തി നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ താമസിച്ചശേഷം തിരിച്ചു നാട്ടിലേക്ക് പോകാൻ 23ന് വിമാനത്താവളത്തിലെത്തുകയായിരുന്നു.
എന്നാൽ, ഇവരുടെ കൈവശം മതിയായ യാത്രാരേഖകളില്ലാത്തതിനാൽ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞ് കോഴിക്കോട് വനിത സെല്ലിന് കൈമാറി. പൊലീസ് കസ്റ്റഡിയിൽ മാനസിക-ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച യുവതിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സിച്ച ഡോക്ടറോടാണ് താൻ കരിപ്പൂർ വിമാനത്താവളത്തിനു സമീപത്തെ തെരുവിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയത്. ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്നാണ് ടൗൺ പൊലീസ് കേസെടുത്തത്.
എന്നാൽ, പൊലീസ് അന്വേഷണവുമായി യുവതി സഹകരിച്ചില്ല. മജിസ്ട്രേറ്റിന് മുന്നിലെ മൊഴിയെടുപ്പിലും പീഡനം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞില്ല.
ഇതോടെ പൊലീസ് ദക്ഷിണ കൊറിയയുടെ ചെന്നൈ കോൺസുലേറ്റ് ജനറൽ ഓഫിസിൽ വിവരം അറിയിക്കുകയായിരുന്നു. ഇവിടെയുള്ള വനിത ഓഫിസർ കോഴിക്കോട്ടെത്തി യുവതിയെ കാണാമെന്നറിയിച്ചിട്ടുണ്ട്. യുവതി സഹകരിക്കാത്തതും മൊഴി നൽകാത്തതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.