തൃശ്ശൂർ: മണലൂർ നിയോജകമണ്ഡലത്തിലെ വാടാനപ്പള്ളിയിൽ വോട്ടർമാർക്കായി കിറ്റ് തയ്യാറാക്കുന്നു എന്ന ആരോപണത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ. തളിക്കുളത്തെ സ്വകാര്യവ്യക്തിയുടെ വീടിനോട് ചേർന്നുള്ള ചാമ്പ്യൻസ് ട്രേഡേഴ്‌സ് വാടാനപ്പള്ളി എന്ന സ്വകാര്യ ഗോഡൗണിലാണ് വോട്ടിനുവേണ്ടി കിറ്റ് തയ്യാറാക്കിയെന്ന ആരോപണം ഉയരുന്നത്. ഗോഡൗണിന് പുറത്ത് വിവിധ സംഘടനകളുടെ രാഷ്ട്രീയ നേതാക്കൾ സംഘർഷ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടി സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് തയ്യാറാക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ കേന്ദ്രം വളയുകയായിരുന്നു. പിന്നാലെ എൽ.ഡി.എഫ് പ്രവർത്തകരും സ്ഥലത്തെത്തി.
പ്രതിഷേധക്കാർ ഗോഡൗണിന് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിക്കുകയും സൂപ്പർ മാർക്കറ്റ് അടച്ചു പൂട്ടണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. സംഭവം ആർ.ഡി.ഒയെ അറിയിച്ചതിനെ തുടർന്ന് ഇലക്‌ഷൻ ഫ്ലയിങ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിച്ചു. വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
4000 കിറ്റുകൾ തയാറാക്കിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. 12,000 കിറ്റുകൾക്കുള്ള തയ്യാറെടുപ്പാണ് സ്ഥലത്ത് നടന്നിരുന്നതെന്നും, അതിൽ 4000 കിറ്റുകൾ കൊണ്ടുപോകാനുള്ള നാലു വണ്ടികളാണ് പുറത്തു കിടക്കുന്നതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ച് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിനെതിരെ സ്റ്റേറ്റ് ഇലക്ഷൻ ഓഫീസർക്കും, മണലൂർ റിട്ടേണിങ് ഓഫീസർക്കും യു.ഡി.എഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് പരാതി നൽകി.
പ്രദേശവാസികൾ സൂപ്പർമാർക്കറ്റിലെത്തി കിറ്റുകൾ വാങ്ങുന്നു എന്ന വിവരത്തെ തുടർന്ന് ഉച്ചയോടെയാണ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്.സുനിൽ കുമാർ, എൽ.ഡി.എഫ് തൃശൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് അനൂപ് ഡേവിസ് കാട എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തിയത്. ശിവരാമപുരത്ത് താമസിക്കുന്നവർക്ക് നൂറിലേറെ സ്ലിപ്പുകൾ വിതരണം ചെയ്തതായും, സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എത്തി കിറ്റുകൾ കൈപ്പറ്റിയെന്നും എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ബി.ജെ.പി പ്രാദേശിക നേതാവ് രാധാകൃഷ്ണന്‍റെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തതെന്നും ആരോപണങ്ങളുണ്ട്.
2024 ലോക്സഭാ തെരഞ്ഞെടുപ്പു സമയത്തു ബി.ജെ.പിക്കു വേണ്ടി ഇതേ പ്രദേശത്ത് വോട്ടിനു പണം നൽകിയെന്ന എൽ.ഡി.എഫിന്റെ പരാതിയും ഉയർന്നിരുന്നുവെന്നും എൽ.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.ബി. സുമേഷ് ചൂണ്ടിക്കാട്ടി. അതേസമയം രാധാകൃഷ്ണൻ എന്ന ആളാണ് കിറ്റുകൾ വിതരണം ചെയ്യാൻ ഏൽപ്പിച്ചതെന്നും ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് അറിയില്ലെന്നുമാണ് സൂപ്പർമാർക്കറ്റ് ഉടമയുടെ പ്രതികരണം. എഴുപത്തഞ്ചോളം കിറ്റുകൾക്ക് ഓർഡർ ലഭിച്ചിരുന്നതായും കഴിഞ്ഞദിവസം 10 കിറ്റുകൾ വിതരണം നടത്തിയെന്നും അയാൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.