കണ്ണൂർ: രണ്ട് ജില്ല നേതാക്കൾ ഉയർത്തിയ ആക്ഷേപങ്ങൾ കേൾക്കാതെ അവരെയും മറ്റ് അണികളെയും വെല്ലുവിളിച്ചതിന് സി.പി.എം നേതൃത്വം ചോദിച്ചു വാങ്ങിയ തോൽവിയാണ് ജില്ലയിൽ കണ്ടത്. കൈയിലുണ്ടായിരുന്ന ഒമ്പത് മണ്ഡലങ്ങളിൽ ചരിത്രത്തിലിന്നോളം ചുവന്ന് തുടുത്തിരുന്ന പയ്യന്നൂരും തളിപ്പറമ്പും നഷ്‌ടപ്പെട്ടതിനു പിന്നാലെ പത്ത് വർഷം കടന്നപ്പളളിയിലൂടെ കൈയിലെത്തിയ കണ്ണൂരും ഇത്തവണ പോയി. ഇതിൽ പയ്യന്നൂരും തളിപ്പറമ്പും നഷ്‌ടപ്പെട്ടത് ഓർക്കാൻ പോലും സി.പി.എമ്മിനാവുന്നില്ല. ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറിയാരോപിച്ച് രംഗത്തുവന്ന കുഞ്ഞികൃഷ്‌ണനും സംസ്ഥാന സെക്രട്ടറിയുടെ കുടുംബാധിപത്യത്തിനെതിരെ, ശ്യാമളയുടെ സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് രംഗത്തു വന്ന ടി.കെ. ഗോവിന്ദനും യു.ഡി.എഫ് പാളയത്തിലേക്ക് പോകുമ്പോഴും പ്രശ്‌ന ഗൗരവം കണ്ട് പരിഹരിക്കുന്നതിന് പകരം നേതൃത്വം അവരെ വെല്ലുവിളിച്ച് പുറത്താക്കുകയാണുണ്ടായത്.
രണ്ട് ജില്ല നേതാക്കൾ ഒരേ സമയം രണ്ട് സംഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്തു വന്നിട്ടും നിരവധി അണികൾ രഹസ്യമായും പരസ്യമായും അവരെ പിന്തുണച്ചിട്ടും സി.പി.എം നേതൃത്വം സത്യാവസ്ഥ തിരിച്ചറിയാമായിരുന്നിട്ടും, ആരോപണമുന്നയിച്ചവരെ തള്ളുകയാണുണ്ടായത്. തളിപ്പറമ്പിലും പയ്യന്നൂരിലും ഒരു ചുക്കും സംഭവിക്കില്ലെന്ന് സി.പി.എം ജില്ല നേതൃത്വം ഉറപ്പിച്ച് പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ഫലം വന്നപ്പോൾ പാർട്ടി വോട്ടുകൾ വൻ തോതിൽ ചോർന്ന് അട്ടിമറി സംഭവിക്കുകയായിരുന്നു. ചരിത്രം തിരുത്തി പയ്യന്നൂരും തളിപ്പറമ്പും ഇടതിനെ കൈവിട്ട് യു.ഡി.എഫിന്റെ കൂടെ പോവുകയാണുണ്ടായത്. ഇനി വർഗ വഞ്ചകർക്കെതിരെ ഒരു നടപടിക്കും സി. പി.എം മുതിരാനിടയില്ല. വോട്ടു ചോർച്ചയുടെ പ്രഹരം അത്ര ഭയങ്കരമാണെന്ന് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു പരിശോധനയിലും ആരൊക്കെ വോട്ട് മറിച്ചുവെന്നത് കണ്ടെത്താൻ നേതൃത്വത്തിന് കഴിയുകയുമില്ല. സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിലടക്കം മറിഞ്ഞ വോട്ടുകളെല്ലാം പാർട്ടി കോട്ടയിൽ നിന്നാണെന്ന് വ്യക്തമാണ്. ഇതോടെ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ബ്രാഞ്ച് കമ്മിറ്റികൾ പാർട്ടി സ്ഥാനാർഥികൾക്ക് വിജയം ഉറപ്പിച്ച് നൽകിയ വോട്ട് കണക്കും തെറ്റാണെന്ന് തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.