കോഴിക്കോട്: പ്ലസ് ടു അറബിക് ചോദ്യപേപ്പറിൽ കോപ്പിയടി. ശനിയാഴ്ച നടന്ന പ്ലസ് ടു അറബിക് ചോദ്യപേപ്പറിലാണ് കോപ്പിയടി നടന്നത്. 100ല്‍ 96 മാർക്കിന്റെ ചോദ്യങ്ങളും കഴിഞ്ഞ 2023 ജൂണിലെ സേ പരീക്ഷ ചോദ്യപേപ്പറിൽനിന്ന് പകർത്തിയതാണെന്നാണ് ആക്ഷേപം. എട്ടു മാർക്കിന്‍റെ ചോദ്യങ്ങൾ മാത്രമാണ് പുതുതായി ഉൾപ്പെടുത്തിയത്. ചില ചോദ്യങ്ങളിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചോദ്യപേപ്പർ തയാറാക്കിയ വ്യക്തി പഴയ ചോദ്യപേപ്പർ കോപ്പിയടിച്ചതാണെന്നാണ് ഇതിൽനിന്ന് വ്യക്തമാക്കുന്നത്. 2023ലെ ചോദ്യപേപ്പറും ഉത്തരസൂചികയും ഇപ്പോഴും വെബ്സൈറ്റിലുണ്ട്.
2023ലെ സേ പരീക്ഷയിൽ ഡിഗ്രിതല ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാർഥികളെ വലച്ചുവെന്ന പരാതി ഉയർന്ന അതേ പരീക്ഷയിലെ ചോദ്യങ്ങളാണ് ആവർത്തിച്ചത്. നിലവാരം കൂടുതലാണെന്നായിരുന്നു അന്ന് ഉയർന്ന ആക്ഷേപം. എന്നാൽ, ശനിയാഴ്ചത്തെ പരീക്ഷ കുറെ കുട്ടികൾക്ക് എളുപ്പമായിരുന്നുവെന്നും കുറെ പേർക്ക് പ്രയാസമുണ്ടാക്കിയെന്നുമാണ് പറയുന്നത്.
എന്തായാലും ചോദ്യപേപ്പർ കോപ്പിയടിച്ചതിനെതിരെ അറബിക് അധ്യാപക സംഘടനകൾതന്നെ പരാതിയുമായി മുന്നോട്ടുപോകുമെന്ന് പറയുന്നു. എന്നാൽ, ഇതുമൂലം പരീക്ഷ റദ്ദ് ചെയ്യുമോ എന്ന ആശങ്കയും വിദ്യാർഥികൾക്കുണ്ട്. ഭൂരിഭാഗം വിദ്യാർഥികളും പരീക്ഷകൾ കഴിഞ്ഞ ആശ്വാസത്തിലാണ്. ചിലരാകട്ടെ, പരീക്ഷ കഴിഞ്ഞതോടെ വിദേശത്തേക്കും മറ്റും പോയിക്കഴിഞ്ഞു. എന്തായാലും ഇത്തരത്തിൽ ചോദ്യപേപ്പർ കോപ്പിയടിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടിലാണ് അധ്യാപക സംഘടനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.