തിരുവനന്തപുരം: സംസ്ഥാനത്ത് 8,957 റേഷൻകടകൾ അടച്ചുപൂട്ടാൻ സർക്കാർ നീക്കം. ഭക്ഷ്യഭദ്രത നിയമപ്രകാരം റേഷൻ വ്യാപാരികൾക്ക് വേതന പാക്കേജ് നടപ്പാക്കിയതിെൻറ മറവിലാണ് ഭൂരിഭാഗം റേഷൻകടകൾക്കും താഴിടാൻ നീക്കം. ഇതുസംബന്ധിച്ച ഉത്തരവ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുറത്തിറക്കി. മാർച്ച് 31ന് ശേഷം സർക്കാറിെൻറ സഹായം ഇല്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന റേഷൻകടകളെമാത്രം നിലനിർത്തിയാൽ മതിയെന്നും മറ്റുള്ളവയെ ഏകീകരിക്കാനുമാണ് ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആൻറണി സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നൽകിയിരിക്കുന്ന നിർദേശം. ഉത്തരവിെൻറ അടിസ്ഥാനത്തിൽ അടച്ചുപൂട്ടേണ്ട റേഷൻകടകളുടെ വിവരങ്ങൾ അതാത് ജില്ല സപ്ലൈ ഓഫിസർമാർ തയാറാക്കിവരികയാണ്. ജനുവരി 15ന് മുമ്പായി റിപ്പോർട്ട് സിവിൽ സപ്ലൈസ് ഡയറക്ടർക്ക് കൈമാറും.
കഴിഞ്ഞ നവംബർ 10ന് ഇറക്കിയ ഉത്തരവിലെ ഒമ്പതാം നമ്പർ വ്യവസ്ഥയിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്. നിലവിൽ 45 മുതൽ 72 ക്വിൻറൽ വരെ ഭക്ഷ്യധാന്യം വിറ്റുവരവുള്ള വ്യാപാരികൾക്കാണ് സർക്കാർ സഹായധനമടക്കം 16,000 രൂപ നൽകുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ സർക്കാറിെൻറ സഹായം പറ്റുന്ന 8,957 റേഷൻ കടകൾ ഉണ്ട്. ഉത്തരവ് നടപ്പായാൽ ഏറ്റവും കൂടുതൽ കടകൾ അടക്കേണ്ടിവരിക മലപ്പുറത്തായിരിക്കും. ഇതിനുപുറമെ സസ്പെൻഡ് ചെയ്തതും റദ്ദാക്കിയതും ലൈസൻസി മരിച്ചതുമായ കടകൾ ഇനി തിരിച്ചുനൽകുകയോ താൽക്കാലിക കടകൾ അനുവദിക്കുകയോ ചെയ്യരുതെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ താലൂക്ക് സപ്ലൈ ഓഫിസർമാർക്കും നിർദേശം നൽകി. കഴിഞ്ഞ നവംബർ എട്ടിനാണ് കേന്ദ്ര ഭക്ഷ്യഭദ്രതാനിയമപ്രകാരം സംസ്ഥാനത്തെ റേഷൻവ്യാപാരികൾക്ക് 349.5 കോടിയുടെ വേതന പാക്കേജ് സർക്കാർ പ്രഖ്യാപിച്ചത്. കുറഞ്ഞത് 45 ക്വിൻറൽ ഭക്ഷ്യധാന്യമെങ്കിലും വിൽക്കുന്ന വ്യാപാരിക്ക്് കമീഷനായി 220 രൂപയും സർക്കാർ സഹായമായ 6,100 രൂപയും ഉൾപ്പെടെ 16,000 രൂപയാണ് പാക്കേജിൽ പ്രഖ്യാപിച്ചത്. 55 ക്വിൻറൽ കൈകാര്യം ചെയ്യുന്ന വ്യാപാരിക്ക് 3,900 രൂപയും 65 മുതൽ 72 ക്വിൻറൽ വരെയുള്ളവർക്ക് 1,700 രൂപയുമാണ് സഹായമായി നൽകുക. എന്നാൽ, 73 ക്വിൻറലിന് മുകളിലുള്ളവർക്ക് സർക്കാർ സഹായം ഉണ്ടാകില്ല.
45 ക്വിൻറലിൽ താഴെയുള്ള 2,720 ചില്ലറ റേഷൻ വ്യാപാരികൾക്ക് കുറഞ്ഞത് 16,000 രൂപ നൽകുമെന്നും സംസ്ഥാനത്ത് ഒരു റേഷൻകടയും പാക്കേജിെൻറ മറവിൽ അടച്ചുപൂട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യാപാരികൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇതിൽനിന്നൊക്കെ മലക്കം മറിഞ്ഞിരിക്കുകയാണ് ഇപ്പോൾ സർക്കാർ. പാക്കേജിെൻറ മറവിൽ വ്യാപാരികളെ കബളിപ്പിച്ച സർക്കാറിനെതിരെ സമരമുഖത്തിറങ്ങുമെന്ന് ഒാൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലിയും ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടനും അറിയിച്ചു. കടുത്ത സാമ്പത്തികബാധ്യതയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും ഉത്തരവ് പുനഃപരിശോധിക്കുമെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.