തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കുള്ള പെൻഷന് ഇതുവരെ അപേക്ഷിച്ചത് 8.52 ലക്ഷംപേർ. 35നും 60നും ഇടയിൽ പ്രായമുള്ള, ഒരു ക്ഷേമ പെൻഷൻ പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണന വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുതുടങ്ങിയത്.
ഇനിയും അപേക്ഷിക്കാൻ സാധിക്കാത്തവർ അപേക്ഷകൾ https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സമർപ്പിക്കണം.
സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എൽ.ഡി.എഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ചെറിയ കാലയളവിനുള്ളിൽ സ്ത്രീ സുരക്ഷ പദ്ധതിയിലേക്ക് 8,52,223 പേർ അപേക്ഷിച്ചുവെന്നത് സർക്കാർ ഇടപെടലിന് ലഭിച്ച സ്വീകാര്യത വെളിവാക്കുന്നു. കേരളത്തിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കാനും ആത്മാഭിമാനത്തോടെ മുന്നേറാനുമുള്ള പ്രധാന ചാലകശക്തിയായി സ്ത്രീ സുരക്ഷ പദ്ധതി മാറുമെന്നും മുഖ്യമന്ത്രി കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.