ജീവിച്ചിരുന്നപ്പോൾ കനിവുകാട്ടിയില്ല; മരണമറിഞ്ഞ്​ അവർ എത്തി, ഏറ്റെടുക്കാൻ

ഹരിപ്പാട്: മക്കളുടെ കനിവ് തേടിയിട്ടും കിട്ടാതെ ഇൗ ലോകത്തോട്​ വിടപറഞ്ഞ മാതാവിൻ്റെ മൃതശരീരംതേടി ഒടുവിലവർ എത്തി. ഹരിപ്പാട് വാത്തുകുളങ്ങര രാജലക്ഷ്മി ഭവനിൽ സരസമ്മ (74 )ആണ് ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ ബുധനാഴ്ച രാത്രി മരിച്ചത്. മക്കൾ സംരക്ഷിക്കുന്നില്ലെന്ന് സരസമ്മ ആർ.ഡി.ഒ ക്ക് പരാതി നൽകിയിരുന്നു. പലവിധ ഇടപെടൽ നടത്തിയിട്ടും മക്കൾ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നില്ല. അയൽവാസിയായ അംബികയും ഭർത്താവുമാണ് ഇവർക്ക് ആശുപത്രിയിൽ തുണയായത്.


സരസമ്മയുടെ രോഗം വഷളായതിനെ തുടർന്ന് ചെങ്ങന്നൂർ ആർ. ഡി. ഒ ഇടപെട്ടു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മക്കളെ വിളിച്ചുവരുത്താൻ ആർ.ഡി.ഒ. ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടർന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബുധനാഴ്​ച രണ്ടുമക്കളെ അറസ്റ്റുചെയ്ത് ആർ.ഡി.ഒ. കോടതിയിൽ ഹാജരാക്കി.

അമ്മയെ നോക്കാൻ തയ്യാറാണെന്ന് സമ്മതിച്ചതിനെ തുടർന്ന് ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നു. എന്നാൽ മക്കളുടെ കനിവിന് കാത്ത് നിൽക്കാതെ സരസമ്മ മരണത്തിന്​ കീഴടങ്ങി. ഇവർക്ക്​ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് ആൺമക്കളും രണ്ടു പെൺമക്കളുമാണ് ഇവർക്കുള്ളത്. മക്കൾ എല്ലാം നല്ല നിലയിലാണെന്ന്​ അയൽവാസികൾ പറയുന്നു.


ആരോഗ്യവകുപ്പിൽ നഴ്​സിങ്​ അസിസ്റ്റന്റ് ആയി വിരമിച്ച സരസമ്മ ഭർത്താവ് മരിച്ചതിന് ശേഷം പല മക്കളുടെയും അടുത്തായിരുന്നു താമസം.അമ്മ രോഗശയ്യയിൽ അയതിനെത്തുടർന്നു മക്കൾ നോക്കാതെയായി. ഒരു മാസം മുമ്പ് ഒരു മകൾ അമ്മയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സ്ഥലം വിട്ടെന്ന് പോലീസ് പറഞ്ഞു. മരണശേഷം മക്കൾ ആശുപത്രിയിലെത്തിയെങ്കിലും ആർ.ഡി.ഒ.യുടെ ഉത്തരവിനു വിധേയമായേ മൃതദേഹം മക്കൾക്കു വിട്ടുകൊടുക്കുകയുള്ളുവെന്ന് ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു വി. നായർ നിലപാടെടുത്തു. പിന്നീട്​ മണിക്കൂറുകൾക്ക് ശേഷമാണ് ആർ.ഡി.ഒ.യുടെ ഉത്തരവ്പ്രകാരം മൃതദേഹം മക്കൾക്ക് വിട്ടു കൊടുത്തത്. മൃതദേഹം കുടുംബവീട്ടിൽ സംസ്കരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.