ന്യൂഡല്‍ഹി: നോര്‍ക്ക റൂട്‌സ് വഴി 65,000 നഴ്‌സുമാരെ ഇറ്റലിയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ എച്ച്.ഇ ആന്റോണിയോ ബാര്‍ട്ടോളി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ഇറ്റലിയില്‍ വലിയ സ്വീകാര്യതയാണെന്നും ഇംഗ്ലീഷ് ഭാഷയ്‌ക്കൊപ്പം ഇറ്റാലിയന്‍ ഭാഷ കൂടി നഴ്‌സുമാര്‍ പഠിക്കേണ്ടതുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയിലെ കേരള സര്‍ക്കാറിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ ഇറ്റാലിയന്‍ അംബാസഡറും ഇറ്റാലിയന്‍ സ്ഥാപനങ്ങളും പങ്കെടുക്കും. ടൂറിസം രംഗത്തും കേരളവുമായി ഇറ്റലി ബന്ധം സ്ഥാപിക്കും. കേരളം സന്ദര്‍ശിക്കുമ്പോള്‍ കോവളം ഉള്‍പ്പെടെയുള്ള ബീച്ചുകളും ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും ഇന്ത്യയിലെ ആദ്യ മാതൃക ടൂറിസം ഗ്രാമമായ കുമ്പളങ്ങിയും സന്ദര്‍ശിക്കുമെന്നും അംബാസഡര്‍ അറിയിച്ചു.
ഇറ്റാലിയന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യവും ചരിത്രപ്രാധാന്യവും വൈവിധ്യങ്ങളും കെ.വി തോമസ് വിശദീകരിച്ചു. ഇറ്റലിയും കേരളവും തമ്മിലുള്ള സാംസ്‌കാരിക ഇടപെടലുകളും കേരളത്തിന്റെ പ്രകൃതിദൃശ്യങ്ങളും ചരിത്രസമ്പത്തുകളും തേടാന്‍ ഇറ്റാലിയന്‍ പൗരന്മാരെ അദ്ദേഹം ക്ഷണിച്ചു.
കേരളത്തിന്റെ പ്രത്യേകതകള്‍ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ആന്റോണിയോ ബാര്‍ട്ടോളി പ്രശംസിച്ചു. ഇറ്റലിയും കേരളവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.