കൊച്ചി: വിമാനയാത്രക്ക് പകരം സൗകര്യം ഏർപ്പെടുത്താതെ ടിക്കറ്റുകൾ റദ്ദാക്കിയ എയർലൈൻസും ഏജൻസിയും ഒരുമാസത്തിനകം 64,442 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. മുൻ ജില്ല ജഡ്ജിയും കൊല്ലം ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ അന്നത്തെ പ്രസിഡൻറുമായ ഇ.എം. മുഹമ്മദ് ഇബ്രാഹീമും മെംബർ സന്ധ്യാറാണിയും നൽകിയ പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ഔദ്യോഗിക ആവശ്യത്തിന് ഡൽഹിയിൽ പോയി ബംഗളൂരു വഴി കൊച്ചിയിൽ എത്തുന്ന വിമാന ടിക്കറ്റാണ് ക്ലിയർ ട്രിപ്പിന്റെ വെബ്സൈറ്റ് വഴി 2019 മാർച്ച് ഒമ്പതിന് 11,582 രൂപ നൽകി എടുത്തത്. എന്നാൽ, യാത്രയുടെ 13 ദിവസം മുമ്പ് വിമാനക്കമ്പനി ടിക്കറ്റുകൾ റദ്ദാക്കി. റീബുക്കിങ്ങോ ഫുൾ റീഫണ്ടോ നൽകാമെന്നായിരുന്നു ആദ്യ ഓഫർ. എന്നാൽ, പിന്നീട് നിലപാട് മാറ്റി. മുഴുവൻ ടിക്കറ്റ് തുകയും തിരിച്ചുനൽകിയില്ല. തുടർന്ന്, ഉയർന്ന തുകയായ 19,743 രൂപ നൽകി പരാതിക്കാർക്ക് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. എയർലൈൻ കമ്പനിയുടെ നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങളാലാണ് സർവിസ് റദ്ദാക്കിയതെന്നും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ഇല്ലെന്നുമായിരുന്നു എതിർകക്ഷികളുടെ വാദം.
എന്നാൽ, വിമാനത്തിന്റെ കാലപ്പഴക്കം മൂലം സർവിസ് നടത്താനാവാത്ത സാഹചര്യത്തിലാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വിലക്ക് ഏർപ്പെടുത്തിയതെന്ന് പരാതിക്കാരൻ വാദിച്ചു. സേവനത്തിലെ ന്യൂനതമൂലം കൂടിയ തുക നൽകി പരാതിക്കാർക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നതിന്റെ നഷ്ടപരിഹാരവും ടിക്കറ്റ് തുകയും കോടതിച്ചെലവും നൽകാൻ എതിർകക്ഷികൾ ബാധ്യസ്ഥരാണെന്ന് ഉത്തരവിൽ വ്യക്തമാക്കി. വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.