എല്ലാം കൊടുത്തു വളർത്തി, ഒടുവിൽ പെരുവഴിയിൽ; വീടും സ്വത്തും തിരിച്ചുപിടിക്കാൻ 6000 മാതാപിതാക്കൾ, ഇതും നമ്മുടെ കേരളത്തിൽ

തിരുവനന്തപുരം: ജീവിതത്തിന്റെ സർവ്വസ്വവും മക്കൾക്കായി മാറ്റിവെച്ച്, വാർധക്യത്തിന്റെ പടിവാതിൽക്കൽ സ്വന്തം വീടുകളിൽ നിന്നുപോലും പുറന്തള്ളപ്പെട്ട ഒരുകൂട്ടം മാതാപിതാക്കളുടെ ഹൃദയവേദനയാണ് കേരളത്തിലെ വയോജന മെയിന്റനൻസ് ട്രൈബ്യൂണലുകളിലെ കണക്കുകൾ പറയുന്നത്. നിയമത്തിന്റെ ഒരു കൈത്താങ്ങുതേടി മാത്രം സംസ്ഥാനത്ത് ഇന്ന് 6000 മാതാപിതാക്കളാണ് കാത്തിരിക്കുന്നത്.

സ്വന്തം ജീവിതവും സമ്പാദ്യവും കൊടുത്തു വളർത്തിയ മക്കൾതന്നെ തങ്ങളെ ഇറക്കിവിട്ടു എന്ന പരാതികളാണ് ഈ ട്രൈബ്യൂണലുകളിലുള്ളതിലേറെയും. മക്കൾ സംരക്ഷിക്കുമെന്ന അടിയുറച്ച വിശ്വാസത്തിൽ കൈമാറിയ സ്വത്ത്, പിന്നീടു സംരക്ഷണം ലഭിക്കാതെ വന്നതോടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 135 കേസുകളിലാണ് ട്രൈബ്യൂണൽ ഇടപെട്ട് റദ്ദാക്കിയത്. ഈ സ്വത്തുക്കൾ നിയമപരമായി മാതാപിതാക്കളുടെ പേരിൽ തന്നെ തിരിച്ചെഴുതി നൽകുകയും ചെയ്തു. ഇതിനുപുറമേ, 1050 കേസുകൾ മാതാപിതാക്കൾക്ക് അനുകൂലമായി ട്രൈബ്യൂണലുകൾ തീർപ്പാക്കുകയും ചെയ്തിട്ടുണ്ട്. 2007ൽ നിലവിൽ വന്ന സീനിയർ സിറ്റിസൺസ് ആക്ടിലെ സെക്ഷൻ 23 പ്രകാരമാണ് ഈ ആശ്വാസനടപടികൾ.

രാജ്യത്ത് ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപവത്കരിച്ച സംസ്ഥാനമാണ് കേരളം. വർധിച്ചുവരുന്ന വയോജന ജനസംഖ്യ കണക്കിലെടുത്താണ് പ്രത്യേക ഭരണസംവിധാനമെന്ന നിലയിൽ പുതിയ വകുപ്പ് യാഥാർഥ്യമാക്കിയത്. എന്നാൽ ഈ അഭിമാനകരമായ നേട്ടത്തിനൊപ്പം കുടുംബബന്ധങ്ങളുടെ തകർച്ചയിൽനിന്നു പുറത്തുവരുന്ന ഈ കണക്കുകൾ നാടിനെയാകെ അസ്വസ്ഥമാക്കുന്നു. പിതാക്കളുടെയും മാതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാൻ മുതിർന്ന പൗരർക്കായുള്ള ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് രണ്ടാഴ്ച മുൻപ് സുപ്രീം കോടതി വിധിച്ചിരുന്നു.

എങ്കിലും, നീതിക്കായുള്ള കാത്തിരിപ്പ് പലപ്പോഴും അനന്തമായി നീളുകയാണ്. സംസ്ഥാനത്തെ 27 വയോജന മെയിന്റനൻസ് ട്രൈബ്യൂണലുകളിലും ആർ.ഡി.ഒമാരാണ് പരാതികളിൽ ഹിയറിങ് നടത്തുന്നത്. എന്നാൽ, എല്ലാ മാസവും 10-15 പരാതികളിൽ മാത്രമാണ് ഹിയറിങ് നടക്കുന്നത്. ആർ.ഡി.ഒമാർക്ക് മറ്റു ഒട്ടേറെ ഔദ്യോഗിക ജോലികളുള്ളതിനാൽ കേസുകൾ സമയബന്ധിതമായി തീർപ്പാവാൻ വലിയ കാലതാമസമാണു നേരിടുന്നത്. ഹിയറിങ് നടത്താനുള്ള അധികാരം റിട്ടയേർഡ് ജഡ്ജിമാർക്കു നൽകണമെന്ന സുപ്രധാന ശുപാർശ നിലവിൽ സർക്കാരിന്റെ മുന്നിലുണ്ട്.

ഏറ്റവും കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്ത ട്രൈബ്യൂണലുകൾ

ഫോർട്ട് കൊച്ചി —2602

ചെങ്ങന്നൂർ —416

കൊല്ലം —389

ആലപ്പുഴ —389

മൂവാറ്റുപുഴ —348

പുനലൂർ — 259

Tags:    
News Summary - 6000 Kerala parents seek return of homes, property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.