ഉന്നത പണ്ഡിതർ പരസ്യമായി കളവ് പറയുന്നത് ശ്രദ്ധിക്കണം; ഉമർ ഫൈസിക്കെതിരെ കെ.പി. നൗഷാദലി എം.എൽ.എ

മലപ്പുറം: സമസ്ത കേന്ദ്ര മുശാവറ അംഗം മുക്കം ഉമർ ഫൈസിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ.പി. നൗഷാദലി എം.എൽ.എ രംഗത്ത്. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമർ ഫൈസി കളവ് പറയുകയാണെന്ന് നൗഷാദലി പറഞ്ഞു.

അമുസ്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കി മുമ്പ് ഒപ്പുവെച്ച വ്യക്തിയാണ് ഉമർ ഫൈസിയെന്നും, അദ്ദേഹം ഇപ്പോൾ സർക്കാറിനെതിരെ നടത്തുന്ന പ്രസ്താവനകൾ നിർഭാഗ്യകരമാണെന്നും നൗഷാദലി പറഞ്ഞു. ഉന്നത പണ്ഡിതന്മാർ പരസ്യമായി കളവ് പറയുന്നത് ഒഴിവാക്കണമെന്നും, പണ്ഡിതന്മാരെ മുന്നിൽനിർത്തി സി.പി.എം കളവ് പറയിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും' എന്ന സെമിനാറിലായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സർക്കാറിനും ഹൈക്കോടതി നിലപാടുകൾക്കുമെതിരെ ഉമർ ഫൈസി കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചിരുന്നു.

വഖഫ് വിഷയത്തിൽ ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാട് ഷോൺ ജോർജിനെ പിന്തുണയ്ക്കുന്നതായിരുന്നുവെന്ന് ഉമർ ഫൈസി ആരോപിച്ചു. വേണമെങ്കിൽ രണ്ട് ആർഎസ്എസ് പ്രതിനിധികളെ ബോർഡിൽ ഉൾപ്പെടുത്താം എന്ന മട്ടിലാണ് സർക്കാർ മുന്നോട്ടുപോയത്. 'സഖാവ് ഉമർ ഫൈസിയും ഹംസയും അടങ്ങുന്ന ബോർഡ് വേണ്ട' എന്ന ചിന്തയാണ് സർക്കാറിനുള്ളതെന്നും, മതപരമായ തത്ത്വങ്ങൾ തകർന്നാലും തങ്ങളെ പുറത്താക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Tags:    
News Summary - KP Noushadali Criticizes Samastha Leader Umar Faizy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.