ഗുരുവായൂർ ദേവസ്വത്തിന്‍റെ 60 ശതമാനം പണവും ദേശസാത്കൃത ബാങ്കുകളിലെന്ന് ​-ദേവസ്വം മാനേജിങ് കമിറ്റി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്‍റെ 60 ശതമാനം പണവും ദേശസാത്കൃത ബാങ്കുകളിലാണ്​ നിക്ഷേപിച്ചിട്ടുള്ളതെന്ന്​ ദേവസ്വം മാനേജിങ്​​ കമ്മിറ്റി ഹൈകോടതിയിൽ. ശേഷിക്കുന്ന തുക ഷെഡ്യൂൾഡ് ബാങ്കുകളിലും റിസർവ് ബാങ്ക്​ നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ്​. പ്രദേശത്ത്​ മറ്റ്​ ബാങ്കുകൾ ഇല്ലാത്തതിനാൽ രണ്ടു കീഴേടം ക്ഷേത്രങ്ങളിലെ പണം പേരകം, എരുമയൂർ സഹകരണ ബാങ്കുകളിലുമുണ്ട്​.

ഗുരുവായൂർ ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട്​ തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാർ നൽകിയ ഹരജിയിലാണ് വിശദീകരണം. ഇക്കാര്യത്തിൽ വിശദീകരണ പത്രിക നൽകാമെന്നും മാനേജിങ്​​ കമ്മിറ്റി അറിയിച്ചു.

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പു ചൂണ്ടിക്കാട്ടിയാണ്​ ഇത്തരമൊരു ആവശ്യമുന്നയിച്ച്​ ഹരജി നൽകിയത്​. പണം ദേശസാത്കൃത ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദേശിക്കണമെന്നും ദേവസ്വം സ്വത്തുക്കളുടെ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണമെന്നും ഇതിൽ ആവശ്യപ്പെട്ടിട്ടുണ്ട്​. ഗുരുവായൂർ ദേവസ്വത്തിന്‍റെ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ വിശദീകരണ പത്രിക നൽകണമെന്ന്​ ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു. ദേവസ്വത്തിന്‍റെ ഓഡിറ്റുമായി ബന്ധപ്പെട്ട് സ്വമേധയ സ്വീകരിച്ച ഹരജിക്കൊപ്പം ഇതും പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - 60 percent of the money of Guruvayoor Devaswom is in nationalized banks - Devaswom Managing Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.