തിരുവനന്തപുരം: മഹത്തായ പാരമ്പര്യമുള്ള ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജി.എ.എഫ്-2023) ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ മുഖ്യ രക്ഷാധികാരി.
'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോർജത്തോടെ ആയുര്‍വേദവും' എന്നതാണ് ജി.എ.എഫിന്‍റെ പ്രമേയമെന്ന് കേന്ദ്ര സഹമന്ത്രിയും ജി.എ.എഫ്-2023 ചെയര്‍മാനുമായ വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നൊബേല്‍ ജേതാക്കളടക്കം അമ്പതോളം ശാസ്ത്രജ്ഞര്‍ ജി.എ.എഫില്‍ പങ്കെടുക്കും. 500-ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറിനും 750 പോസ്റ്റര്‍ പ്രസന്‍റേഷനും ജി.എ.എഫ് സാക്ഷ്യം വഹിക്കും. 75 രാജ്യങ്ങളില്‍ നിന്നായി 500 വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ 7500 പ്രതിനിധികളാണ് ജി.എ.എഫില്‍ പങ്കെടുക്കുന്നത്.
ജി.എ.എഫിന്‍റെ ഭാഗമായുള്ള എക്സിബിഷനില്‍ ആയുര്‍വേദത്തിലെയും അനുബന്ധ മേഖലകളിലെയും സ്ഥാപനങ്ങളും സംഘടനകളും സംരംഭകരും പങ്കെടുക്കുന്ന 500 ല്‍ പരം സ്റ്റാളുകള്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, സാങ്കേതികവിദ്യകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. അഞ്ച് ദിവസം കൊണ്ട് അഞ്ച് ലക്ഷം സന്ദര്‍ശകരെയാണ് മേള പ്രതീക്ഷിക്കുന്നത്. ആയുര്‍വേദ മരുന്നുകള്‍, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍, വെല്‍നസ് സേവനങ്ങള്‍, ആയുര്‍വേദ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ പരിചയപ്പെടാന്‍ സന്ദര്‍ശകര്‍ക്ക് എക്സ്പോ അവസരമൊരുക്കും.
ജി.എ.എഫിന് മുന്നോടിയായി കേരളത്തിലെ എല്ലാ ജില്ലകളിലും നവംബര്‍ ഒന്നു മുതല്‍ 30 വരെ ഗ്രാന്‍ഡ് കേരള ആയുര്‍വേദ ഫെയര്‍ നടക്കും. എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളെയും കൂട്ടായ്മകളെയും ഇതില്‍ ഭാഗമാക്കും. സ്കൂള്‍, കോളജ്, റസിഡന്‍സ് അസോസിയേഷന്‍ തലങ്ങളില്‍ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും.
ജി.എഎ.ഫ് സെക്രട്ടറി ജനറല്‍ ഡോ. സി. സുരേഷ്കുമാര്‍ (ത്രിവേണി), ഡോ. സി. സുരേഷ്കുമാര്‍, ബേബി മാത്യു സോമതീരം, സി.ഡി ലീന, ഡോ. വിജയന്‍ നങ്ങേലി, ഒ.ആര്‍ സെബി, ദുര്‍ഗ, ലാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.