പിണറായിക്കാലം: അരങ്ങേറിയത് 53 രാഷ്ട്രീയക്കൊല

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിപദത്തിലെത്തിയശേഷം കേരളത്തിൽ അരങ്ങേറിയത് 53 രാഷ്ട്രീയ കൊലപാതകങ്ങൾ. കഴിഞ്ഞ 16 മാസത്തിനിടയിൽ മാത്രം 14 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

2016 മേയ് 25 മുതൽ 2022 ഏപ്രിൽ 16 വരെ 21 ആർ.എസ്.എസ്/ബി.ജെ.പി/ യുവമോർച്ച പ്രവർത്തകരും 15 സി.പി.എം/ഡി.വൈ.എഫ്.ഐ/എസ്.എഫ്.ഐ പ്രവർത്തകരും കൊല്ലപ്പെട്ടു. കോൺഗ്രസ്/യൂത്ത് കോൺഗ്രസ് -നാല്, മുസ്ലിം ലീഗ്/യൂത്ത് ലീഗ് -ആറ്, എസ്.ഡി.പി.ഐ -മൂന്ന്, ഐ.എൻ.ടി.യു.സി -ഒന്ന്, ഐ.എൻ.എൽ -ഒന്ന്, ട്വൻറി-20 -ഒന്ന് എന്നിങ്ങനെയാണ് മരണപട്ടിക. ഈരാറ്റുപേട്ടയിൽ കൊല്ലപ്പെട്ട സി.പി.എം വിമതൻ കെ.എം. നസീറും രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ കണക്കിലുണ്ട്.

എസ്.എഫ്.ഐ തളിപ്പറമ്പ് സ്വദേശിയായ ധീരജ് രാജേന്ദ്രനെ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയതാണ് ഈ വർഷത്തെ ആദ്യ രാഷ്ട്രീയ കൊലപാതകം. ഫെബ്രുവരി 18ന് ട്വൻറി-20 പ്രവർത്തകനായ സി.കെ. ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. മൂന്ന് ദിവസത്തിന് ശേഷം ഫെബ്രുവരി 21ന് തലശ്ശേരിയിൽ സി.പി.എം പ്രവർത്തകൻ ഹരിദാസിനെ ബി.ജെ.പി പ്രവർത്തകർ വെട്ടിക്കൊന്നു. മാർച്ച് 10നാണ് പാലക്കാട്ട് യുവമോർച്ച പ്രവർത്തകൻ അരുൺകുമാറിനെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കുത്തിക്കൊലപ്പെടുത്തിയത്. ഇതിന് ശേഷമാണ് പാലക്കാട്ട് കഴിഞ്ഞദിവസങ്ങളിൽ നടന്ന ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങൾ. ആലപ്പുഴയിൽ നടന്നതിന് സമാനമായി അടുത്തടുത്ത് രണ്ട് കൊലപാതകങ്ങളാണ് പാലക്കാട്ട് നടന്നത്. ആലപ്പുഴയിലെ അനുഭവം മുന്നിലുണ്ടായിട്ടും തുടർനടപടികൾ എടുക്കുന്നതിൽ പൊലീസിനും ഇൻറലിജൻസിനുമുണ്ടായ വീഴ്ചയാണ് ശ്രീനിവാസ‍െൻറ കൊലപാതകത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ഡിസംബർ 18ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെയും പ്രതികാരമെന്നോണം 19ന് ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസിനെയും അക്രമികൾ കൊലപ്പെടുത്തി നാലുമാസമായിട്ടും മുഴുവൻ പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല. ഇരുകേസിലുമായി അഞ്ചുപേരാണ് ഇനി‍ പിടിയിലാവാനുള്ളത്.

ചേർത്തല വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുവിനെ വെട്ടിക്കൊന്നതി‍െൻറ തിരിച്ചടിയായിരുന്നു ഷാൻ കൊലപാതകം. ആലപ്പുഴയിലെ കൊലപാതകത്തിന് ശേഷം തിരിച്ചടിക്കാൻ ഇരുപക്ഷത്തും ആസൂത്രണങ്ങളും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ ആയുധപരിശീലനവും നടക്കുന്നുണ്ടെന്ന വിവരം രഹസ്യാന്വേഷണവിഭാഗത്തിനും പൊലീസിനും ലഭിച്ചിരുന്നെങ്കിലും കാര്യമായ അന്വേഷണവും ഏകോപനവും ഉണ്ടാകാത്തതാണ് നിലവിലെ കൊലപാതകങ്ങളിലേക്ക് നയിച്ചത്. ഫേസ്ബുക്ക് വഴിയും വാട്സ്ആപ്പിലൂടെയും മാസങ്ങൾക്ക് മുമ്പ് തന്നെ ഇരുപാർട്ടികളും അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന, വർഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചെങ്കിലും ഇത്തരക്കാർക്കെതിരെ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ല.

മുഖ്യമന്ത്രി കൈയാളുന്ന ആഭ്യന്തരവകുപ്പിൽ എന്ത് ഭരണമാണെന്ന് പ്രതിപക്ഷം ചോദിക്കുമ്പോൾ അതേ ചോദ്യം സി.പി.എമ്മി‍െൻറ താഴേതട്ടിലും ഉയർന്നുകഴിഞ്ഞു. പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന ലോക്കൽ, ഏരിയ, ജില്ല സമ്മേളനങ്ങളിലെല്ലാം പൊലീസിനെതിരെ രൂക്ഷവിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്. 

Tags:    
News Summary - 53 political assassinations were staged during Pinarayi's rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.