ഇനി 52 ദിവസം ട്രോളിങ് നിരോധനം: ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കൊച്ചി: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 2023 ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസങ്ങള്‍ ഇനി ട്രോളിങ് നിരോധനം. ഈ നിരോധനം ലംഘിച്ച് കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന മത്സ്യബന്ധനയാനങ്ങളെ കണ്ടുകെട്ടി നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം മേഖല ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.

നിലവില്‍ എറണാകുളം ജില്ല പ്രവര്‍ത്തന മേഖലയാക്കിയിട്ടുള്ള ഇതരസംസ്ഥാന യാനങ്ങള്‍ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് ട്രോളിംഗ് നിരോധനം ആരംഭിക്കുന്ന സമയത്തിനുള്ളില്‍ മടങ്ങേണ്ടതാണെന്ന് കലക്ടര്‍ കര്‍ശന നിർദേശം പുറപ്പെടുവിച്ചു. തദ്ദേശ യാനങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രിക്കുമുമ്പ് തിരിച്ച് കരയിലെത്തേണ്ടതാണ്. യാനങ്ങളുടെ റിപ്പയറിംഗിനും മറ്റുമായി കടലിലൂടെ സഞ്ചരിക്കേണ്ട സാഹചര്യമുള്ളവര്‍ ഫിഷറീസ് വകുപ്പിന്റെ മുന്‍കൂട്ടിയുള്ള യാത്രാനുമതി നേടണം.

ട്രോളിങ് നിരോധനസമയത്ത് കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ. ഉപയോഗിക്കുന്ന കാരിയര്‍ വള്ളത്തിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഫിഷറീസ് സ്റ്റേഷനില്‍ യാന ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളുടെയും കൈവശം ബയോമെട്രിക് ഐ.ഡി. കാര്‍ഡ് ഉണ്ടായിരിക്കണമെന്നും ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.

ട്രോളിംഗ് നിരോധനം തുടങ്ങുന്ന ജൂണ്‍ ഒമ്പത് മുതല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ നല്‍കുന്നത് കുറ്റകരമാണ്. എന്നാല്‍ പരമ്പരാഗത യാനങ്ങളായ താങ്ങുവള്ളം, മുറിവള്ളം, ഫൈബര്‍ വള്ളം, ഒ.ബി.എം എന്നിവയ്ക്ക് തടസമില്ലാതെ ഇന്ധനം മത്സ്യഫെഡിന്റെ ബങ്കുകളില്‍നിന്ന് നൽകണമെന്നും കലക്ടര്‍ ഉത്തരവിട്ടു.

പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകള്‍ - ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍, കലക്ടറേറ്റ്, എറണാകുളം (24 മണിക്കൂര്‍):0484 2423513, 8547610077.

കോസ്റ്റ് ഗാര്‍ഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ (24 മണിക്കൂര്‍):

1554 (ടോള്‍ ഫ്രീ) ഫിഷറീസ് കണ്‍ട്രോള്‍ റൂം, വൈപ്പിന്‍: 0484 2502768

ഫിഷറീസ് കണ്‍ട്രോള്‍ റൂം, മുനമ്പം: 8304010855

Tags:    
News Summary - 52 days to go for trolling ban: Strict action against violators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.