ചുട്ടുപൊള്ളി കേരളം; പാലക്കാട് 40 ഡിഗ്രി, സംസ്ഥാനത്ത് 18 വരെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 18 വരെ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കൊല്ലം ജില്ലയിൽ 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലമ്പുഴ അണക്കെട്ട് പരിസരത്താണ് ചൊവ്വാഴ്ച ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. കുറഞ്ഞ ചൂട് 27.3 ഡിഗ്രിയും ആർദ്രത 36 ശതമാനവും രേഖപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയും മലമ്പുഴ പരിസരത്ത് ഉയർന്ന താപനില 40.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. മുണ്ടൂർ ഐ.ആർ.ടി.സിയിലെ താപനില ചൊവ്വാഴ്ച 39 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

താപനില 40 ഡിഗ്രിയിലെത്തിയതോടെ പകൽ പുറത്തിറങ്ങാനാവാത്ത വിധം ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കും മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ചൂടിനൊപ്പം അൾട്രാവയലറ്റ് സൂചിക ഉയരുന്നത് ഗൗരവമായി കാണണം. പകൽ 10 മണി മുതൽ മൂന്ന് വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ഈ സമയത്ത് അൾട്രാവയലറ്റ് രശ്മികൾ ശക്തമായതിനാൽ സൂര്യാതപം, ചർമരോഗങ്ങൾ, കണ്ണിന് അസ്വസ്ഥതകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും കരുതുക. ശരീരം പൂർണമായും മറയ്ക്കുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. ബൈക്ക് യാത്രക്കാർ, മത്സ്യത്തൊഴിലാളികൾ, പുറം ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - 40 degrees in Palakkad, warning of 18 degrees in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.