33,711 പോളിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു; തപാൽ വോട്ട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രം

തിരുവനന്തപുരം: തദ്ദേശ തെഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 33,711 പോളിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു. ത്രിതല പഞ്ചായത്തുകളിൽ 28,127, മുനിസിപ്പാലിറ്റികളിൽ 3569, കോർപറേഷനുകളിൽ 2015 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഡിസംബർ ഒമ്പത്, 11 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിൽ പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിന് തെഞ്ഞെടുപ്പ് കമീഷൻ വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

പോളിങ് സ്റ്റേഷനുകളിലേയും അവയുടെ പരിസരത്തെയും എല്ലാ പ്രവർത്തനങ്ങളിലും ഹരിതചട്ടം പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമീഷൻ നിർദേശിച്ചു.

വോട്ടെടുപ്പ് ദിവസം ഉപയോഗശൂന്യമായ പേപ്പറുകളും മറ്റ് പാഴ്വസ്തുക്കളും വേർതിരിച്ച് ശേഖരിക്കാനും ഹരിത ചട്ടങ്ങളനുസരിച്ച് നശിപ്പിക്കാനും അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. ഇതിനായി ഹരിത കർമസേനയുടെ സേവനം പ്രയോജനപ്പെടുത്തണം. പോളിങ് സ്റ്റേഷനുകൾ നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളിൽ വൈദ്യുതി, കുടിവെള്ളം, ഫർണിച്ചറുകൾ, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം. വോട്ടർമാർക്ക് കാത്തിരിപ്പിനായി പുറത്ത് ബെഞ്ചുകളും കസേരകളും തണലിനുള്ള സൗകര്യങ്ങളും ഒരുക്കണം.

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യമൊരുക്കുന്നതിന് ശ്രദ്ധ നൽകണം. കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യമില്ലെങ്കിൽ അത് താൽക്കാലികമായി ഒരുക്കണം.

ഇവർക്കായി വിശ്രമസൗകര്യം പോളിങ് സ്റ്റേഷനിലോ സമീപത്തോ സജ്ജീകരിക്കണം. കാഴ്ചപരിമിതർ, ഭിന്നശേഷിക്കാർ, രോഗികൾ, മുതിർന്നവർ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണം. അന്ധതയുള്ളതോ അവശതയുള്ളതോ ആയ വോട്ടർമാർക്ക് ഒരു സഹായിയെ അനുവദിക്കുന്നതിനും പ്രത്യേക നിർദേശം നൽകണം.

വോട്ടെടുപ്പ് ദിവസവും തലേന്നും ആവശ്യമായ ലൈറ്റും ഫാനുകളും പ്രവർത്തനക്ഷമമാക്കണം. വൈദ്യുതി, വെള്ളം എന്നിവ കെട്ടിടത്തിൽ ലഭ്യമല്ലെങ്കിൽ അത് ഉറപ്പാക്കണം. സാധിക്കാത്തപക്ഷം പോർട്ടബിൾ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ശുചിമുറി സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ അതിനുള്ള ക്രമീകരണം നടത്തണം. ഇതിനായി സമീപ സ്ഥാപനങ്ങളിലോ വീടുകളിലോ സൗകര്യം ഉപയോഗപ്പെടുത്താം.

പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീയുടെ സഹകരണത്തോടെ നടത്താനുള്ള സാധ്യത പരിശോധിക്കും. ഉൾപ്രദേശത്തുള്ള പോളിങ് സ്റ്റേഷനുകളിലെത്തുന്ന വഴികളും പരിസരവും വൃത്തിയാക്കുന്ന നടപടികൾ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് പൂർത്തിയാക്കണം. അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും വോട്ടെടുപ്പിന് ശേഷം ഉപയോഗിച്ച മുറികളും പരിസരവും വൃത്തിയാക്കി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറാനും നിർദേശിച്ചു.

തപാൽ വോട്ട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രം

തിരുവനന്തപുരം: തപാൽ വോട്ട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്ത ഒരു വിഭാഗത്തിനും പോസ്റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കമീഷൻ അറിയിച്ചു.

കോവിഡ് സമയത്ത് നടന്ന 2020ലെ തെരഞ്ഞെടുപ്പിലും ഡ്യൂട്ടിയിലുള്ളവർക്ക് മാത്രമേ പോസ്റ്റൽ വോട്ട് സൗകര്യം ലഭ്യമായിരുന്നുള്ളൂ. കോവിഡ് രോഗികൾക്കും ക്വാറന്റീനിലുള്ളവർക്കും മാത്രം അന്ന് സ്പെഷൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിരുന്നു.

അപേക്ഷകൾ ലഭിക്കുന്ന മുറക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ അവരെ ഡ്യൂട്ടിയിൽ നിയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് സഹിതം നിശ്ചിത ഫോറത്തിൽ ആവശ്യപ്പെട്ടാൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകാൻ വരണാധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇതിനായി സമ്മതിദായകനായി രജിസ്റ്റർ ചെയ്തിട്ടുള്ള വാർഡിലെ വരണാധികാരിക്കാണ് അപേക്ഷ നൽകേണ്ടത്. പോസ്റ്റൽ ബാലറ്റ് അപേക്ഷകർക്ക് അയച്ചു കൊടുക്കാനും വോട്ട് രേഖപ്പെടുത്തി വരണാധികാരിക്ക് തിരിച്ച് അയക്കുന്നതിനും തപാൽ സ്റ്റാമ്പ് ആവശ്യമില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ ആവശ്യപ്രകാരം തപാൽവകുപ്പ് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - 33,711 polling stations being prepared in Kerala Local Body Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.