2021ൽ 33,296 വാഹനാപകടങ്ങൾ; മരിച്ചത് 3429 പേർ മൂന്നിലൊന്നും ബൈക്കപകടങ്ങൾ

കൊച്ചി: 2021ൽ സംസ്ഥാനത്തുടനീളമുണ്ടായ 33,296 വാഹനാപകടങ്ങളിലായി പൊലിഞ്ഞത് 3429 ജീവൻ. പരിക്കേറ്റവരും തീരെ പരിക്കുകളില്ലാത്തവരുമായി 36,775 പേർ ഈ അപകടങ്ങളിൽ ഉൾപ്പെട്ടതായി ആഭ്യന്തര വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. അപകടത്തിൽപെട്ടതും കൂടുതൽ പേരുടെ ജീവൻ പൊലിഞ്ഞതുമായ വാഹനങ്ങളുടെ പട്ടികയിൽ ഒന്നാമത് ബൈക്കുകളാണ്. അപകടങ്ങളുടെയും മരിച്ചവരുടെയും എണ്ണത്തിൽ മൂന്നിലൊന്നും ബൈക്കുകൾ ഉൾപ്പെട്ടവയാണ്. 10,154 അപകടങ്ങളിലായി 1069 പേർക്ക് ജീവൻ നഷ്ടമായി. ഇതുകൂടാതെ 3440 അപകടങ്ങളിൽ സ്കൂട്ടറുകൾ ഉൾപ്പെട്ടപ്പോൾ പൊലിഞ്ഞത് 321 ജീവൻ. 9822 കാർ അപകടങ്ങളിലായി 710 പേരും 1525 ലോറി അപകടങ്ങളിലായി 301 പേരും മരിച്ചു. 699 അപകടങ്ങളിൽപെട്ട മിനിലോറികൾ കാരണം ഇല്ലാതായത് 104 പേരാണ്.

2021ൽ എറണാകുളം റൂറലിലാണ് അപകടങ്ങൾ ഏറ്റവും കൂടുതൽ -3085 അപകടങ്ങളും 271 മരണങ്ങളും. എന്നാൽ, കഴിഞ്ഞ വർഷത്തെ അപകടമരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ആലപ്പുഴയിലും രണ്ടാമത് മലപ്പുറത്തുമാണ്. ആലപ്പുഴയിൽ 2914 അപകടങ്ങളിലായി 297 പേരും മലപ്പുറത്ത് 2147 അപകടങ്ങളിലായി 291 പേരും ഇല്ലാതായി.

തിരുവനന്തപുരം സിറ്റിയിൽ 1438 അപകടങ്ങളിലായി 117 പേരും റൂറലിൽ 2693 അപകടങ്ങളിൽ 293 പേരും മരിച്ചു. കൊല്ലം സിറ്റിയിൽ 1552 അപകടങ്ങളും 184 മരണങ്ങളും ഉണ്ടായപ്പോൾ റൂറലിൽ ഇത് 1407 അപകടങ്ങളും 170 മരണങ്ങളുമാണ്. എറണാകുളം സിറ്റിയിലെ അപകടം 1781ഉം മരണം 141മാണ്. പാലക്കാട്ട് 1909 അപകടങ്ങളിലായി 278 പേരാണ് മരിച്ചത്. വയനാട് ജില്ലയാണ് അപകടത്തിലും അപകട മരണത്തിലും പിന്നിലുള്ളത്. 545 വാഹനാപകടങ്ങളിൽ നഷ്ടമായത് 54 ജീവനാണ്. കണ്ണൂർ റൂറലിൽ 799 അപകടങ്ങളും 67 മരണങ്ങളും സംഭവിച്ചു.

രണ്ടുമാസം; അപകടങ്ങൾ ഏഴായിരത്തിലേറെ

2022 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മാത്രം സംസ്ഥാനത്തെ നിരത്തുകളിലുണ്ടായത് 7240 അപകടങ്ങളാണ്. ഇവയിൽ ആകെ 740 പേർ കൊല്ലപ്പെട്ടു. 7979 പേർക്കാണ് പരിക്കേറ്റത്. 2020ൽ 27,887 അപകടങ്ങളും 2979 മരണങ്ങളുമുണ്ടായി. 2019ൽ 41,111 അപകടങ്ങളിലായി നഷ്ടമായത് 4440 ജീവനുകളാണ്. 2018ലെ കണക്കുകൾ പ്രകാരം 40181 അപകടങ്ങളും 4303 മരണങ്ങളും സംഭവിച്ചു.



Tags:    
News Summary - 33,296 car accidents in 2021; The death toll was 3429

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.