'ദിവസവും 314 പേരെ നായ കടിക്കുന്നു, സർക്കാറിന്റെ കൈകൾ എ.ബി.സി ബന്ധിച്ചിരിക്കുകയാണ്'; മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: തെരുവുനായ വിഷയത്തില്‍ നിലവിലുള്ള നിയമത്തിനുള്ളില്‍നിന്നുമാത്രമേ സര്‍ക്കാറിന്​ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളുവെന്നും സര്‍ക്കാറിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും കൈകള്‍ എ.ബി.സിയാല്‍ ബന്ധിച്ചിരിക്കുകയാണെന്നും മന്ത്രി എം.ബി. രാജേഷ്. എ.ബി.സി ചട്ടങ്ങള്‍ ജനവിരുദ്ധവും അപ്രായോഗികവുമാണ്. അതില്‍ ഇളവ്​ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധത്തിന്​ വിധേയമാക്കാന്‍ എടുത്ത തീരുമാനവും ഹൈകോടതി പാടില്ല എന്നുപറഞ്ഞിരിക്കുകയാണ്. എട്ടാം തീയതി കേസ് പരിഗണിക്കുമ്പോള്‍ വിഷയങ്ങള്‍ എല്ലാം കോടതിക്കുമുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കും. സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളിയും പ്രതിസന്ധിയും എന്താണെന്നും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. കേന്ദ്രസര്‍ക്കാര്‍ എ.ബി.സി ചട്ടങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ ഉള്ളതാക്കി മാറ്റിയെങ്കില്‍ മാത്രമേ പ്രശ്‌നത്തിന്​ പരിഹാരം കാണാന്‍ കഴിയൂ.

പ്രതിദിനം കേരളത്തില്‍ 314 പേരെയാണ്​ നായ കടിക്കുന്നത്. ആഗസ്റ്റില്‍ വാക്‌സിനേഷന്‍ ആരംഭിക്കും. പോര്‍ട്ടബിള്‍ എ.ബി.സി സെന്റര്‍ പോലെയുള്ള പരീക്ഷണവും ആരംഭിക്കും. വാക്‌സിനേഷന്‍ എന്നത്​ പട്ടി കടിക്കുന്നത്​ തടയാനുള്ള മാര്‍ഗമല്ലെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള എ.ബി.സി ചട്ടങ്ങള്‍ അനുസരിച്ച് വന്ധ്യംകരണം നടത്തിയാല്‍ ഒരുവര്‍ഷം പരമാവധി 20,000 നായ്ക്കളെ മാത്രമേ ചെയ്യാന്‍ കഴിയൂ. ലക്ഷക്കണക്കിന്​ നായ്ക്കളെ എത്ര നാള്‍ കൊണ്ടാണ് വന്ധ്യംകരിക്കാന്‍ പറ്റുക. പ്രശ്‌നം എ.ബി.സി ചട്ടങ്ങളാണ്. അല്ലാതെ സര്‍ക്കാറോ തദ്ദേശസ്ഥാപനങ്ങളോ അല്ല. ഈ ചട്ടങ്ങള്‍ വച്ച് രാജ്യത്ത് ഒരിടത്തും ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - 314 people are bitten by dogs every day - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.