കരണ്‍ അദാനി
കൊച്ചി: അഞ്ചുവര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് (എ.പി.എസ്.ഇ.ഇസെഡ്) എം.ഡി കരണ്‍ അദാനി. വിഴിഞ്ഞം തുറമുഖത്തിനായുള്ള 20,000 കോടിയുടെ അധിക നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ (ഐ.കെ.ജി.എസ് 2025) ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള വാണിജ്യമേഖലയുടെ സുപ്രധാന സ്ഥാനത്ത് ഇന്ത്യയെ നിലനിര്‍ത്താന്‍ വിഴിഞ്ഞം തുറമുഖത്തിലൂടെ സാധിക്കും. 2015ല്‍ വിഴിഞ്ഞം തുറമുഖത്തിന് നേതൃത്വം നല്കിയ അദാനി ഗ്രൂപ് ഇതിനകം 5000 കോടി നിക്ഷേപിച്ചിട്ടുണ്ടെന്നും 20,000 കോടിയുടെ അധിക നിക്ഷേപം നടത്തുമെന്നും കരണ്‍ അദാനി പറഞ്ഞു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയിലാണ് വിഴിഞ്ഞം തുറമുഖം.
തുറമുഖം കമീഷന് ചെയ്യുന്നതിന് മുമ്പുതന്നെ 24,000 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ ഇന്ത്യയിലാദ്യമായി വിഴിഞ്ഞത്ത് എത്തിയിരുന്നു. ഇതിലൂടെ തുറമുഖം ചരിത്രം സൃഷ്ടിച്ചു. ഈ ഭാഗത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.5500 കോടി നിക്ഷേപിക്കുന്നതിലൂടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശേഷി 4.5 ദശലക്ഷം യാത്രക്കാരില്‍നിന്ന് 12 ദശലക്ഷമായി വര്‍ധിപ്പിക്കും. കൊച്ചിയില്‍ ലോജിസ്റ്റിക്സ് ആന്‍ഡ് ഇ-കോമേഴ്സ് ഹബ് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊച്ചി: തന്ത്രപരമായ നിക്ഷേപങ്ങള്‍, സുസ്ഥിര വികസനം, അഭിവൃദ്ധി പ്രാപിച്ച വ്യവസായിക ആവാസവ്യവസ്ഥ എന്നിവയിലൂടെ 2047ഓടെ കേരളം 88 ലക്ഷം കോടിയുടെ (ഒരു ട്രില്യണ്‍ ഡോളര്‍) സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് വിദഗ്ധര്‍. കൊച്ചിയില്‍ നടക്കുന്ന ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ ‘കേരളം ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്ക്’ വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ഇന്ത്യയിലെ ആദ്യ സുസ്ഥിര ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേരളത്തിന് കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
2000 മുതല്‍ കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്പാദനം (ജി.എസ്.ഡി.പി) ഓരോ 6-7 വര്‍ഷത്തിലും ഇരട്ടിയായെന്ന് മുഖ്യപ്രഭാഷണത്തിൽ കെ.എസ്.ഐ.ഡി.സി ചെയര്മാന് സി. ബാലഗോപാല്‍ പറഞ്ഞു. മാലിന്യ സംസ്കരണം, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റലൈസേഷന് എന്നിവയിലൂന്നിയ കേരളമാണ് സംരംഭകത്വത്തിന് ആവശ്യമെന്നും ഇതിനായി സര്‍ക്കാര്‍ മികച്ച നിയമങ്ങളും ചട്ടങ്ങളും സൃഷ്ടിക്കണമെന്നും ഐ.ബി.എസ് സ്ഥാപകനും എക്സിക്യൂട്ടിവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ് പറഞ്ഞു.
ഒ.ഇ.എന്‍ ഇന്ത്യ ലിമിറ്റഡ് എം.ഡി പമേല അന്ന മാത്യു, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് എം.ഡി അദീബ് അഹമ്മദ്, ഗ്രൂപ് മീരാന്‍ ചെയര്മാന് നവാസ് മീരാന്‍ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.