മെസ് അലവൻസ് കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കായിക താരങ്ങൾ ജനുവരി 22ന് സെക്രട്ടേറിയറ്റിന് മുന്നിൽ തോർത്തും ജഴ്സിയും വിരിച്ച് നടത്തിയ പ്രതിഷേധ പ്രകടനം
ട്രാക്കിലും ഫീൽഡിലും പ്രകടനം മോശമാകാൻ മാത്രം കായികതാരങ്ങൾക്ക് എന്തു സംഭവിച്ചുവെന്നറിയാൻ ഈ മാസം 27ന് കായിക അസോസിയേഷനുകളുടെ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി. കേരളത്തിന് സംഭവിച്ചതെന്തെന്നറിയാൻ വലിയ ഗവേഷണമോ പ്രത്യേക കമീഷനോ ഒന്നും വേണ്ട. സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിലേക്കൊന്ന് നോക്കിയാൽ മതി.
കായിക കേരളത്തിന്റെ വാഗ്ദാനങ്ങളായ ആയിരക്കണക്കിന് കായികതാരങ്ങൾക്ക് കഴിഞ്ഞ ഒരുവർഷമായി സംസ്ഥാന സർക്കാർ ഭക്ഷണ അലവൻസ് നൽകിയിട്ടില്ല. പാലും മുട്ടയും മാംസവും ഉൾപ്പെടെ ഒരു കുട്ടിക്ക് 250 രൂപയുടെ ഭക്ഷണമാണ് ദിവസവും നൽകേണ്ടത്. തുക കുടിശ്ശികയായതോടെ നിലവിൽ മെനു അനുസരിച്ചുള്ള ഭക്ഷണം വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്.
സാമ്പത്തിക പ്രതിസന്ധി താങ്ങാനാകാതെ മൂന്ന് ഹോസ്റ്റലുകൾ ഇതിനോടകം പൂട്ടിക്കഴിഞ്ഞു. 11 മാസത്തെ കുടിശ്ശികയെങ്കിലും തന്നില്ലെങ്കിൽ 30 ഹോസ്റ്റലുകൾ ഉടൻ അടച്ചുപൂട്ടേണ്ടിവരുമെന്നു കാണിച്ച് സംസ്ഥാനത്തെ 30 കോളജുകളിലെ കായികവകുപ്പ് മേധാവികൾ ധനമന്ത്രിക്കും കായികമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്.
സർക്കാറിൽ നിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് സ്പോർട്സ് ഹോസ്റ്റലുകളിൽ, കുട്ടികൾക്ക് വിശപ്പകറ്റാൻ വേണ്ടി മാത്രമുള്ള ആഹാരമാണ് നൽകുന്നത്.
ഭൂരിഭാഗം ഹോസ്റ്റലുകളിലും പാലിനും മുട്ടക്കും ഇറച്ചിക്കും പകരം സാമ്പാറും ചോറുമാക്കി. പലപ്പോഴും ഒരു മുട്ട രണ്ടായി പകുത്തു നൽകേണ്ട അവസ്ഥ. പലചരക്ക് കടയിൽ നിന്നു സാധനം വാങ്ങിയ വകയിൽ മാത്രം ഹോസ്റ്റൽ നടത്തിപ്പുകാർക്ക് ലക്ഷങ്ങളാണ് കടം. ഇറച്ചിക്കടകളിലും പാചകവാതക ഏജൻസികളിലും ലക്ഷങ്ങൾ നൽകാനുണ്ട്.
വി. അബ്ദുറഹിമാൻ (കായിക മന്ത്രി), യു. ഷറഫലി (സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്), വി. സുനിൽകുമാർ (കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്)
താരങ്ങളെ പട്ടിണിക്കിടലോ നയം?
കഴിവുള്ള കായികതാരങ്ങളെ കണ്ടെത്തി കേരള സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള ഹോസ്റ്റലുകളിൽ എത്തിച്ച് പട്ടിണിക്ക് ഇടുന്നതാണോ കായിക വകുപ്പിന്റെ കായിക നയമെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു.
പല ഹോസ്റ്റലുകളും ഇതുവരെ പ്രവർത്തിച്ചത് ചില അധ്യാപകരുടെ കാരുണ്യം കൊണ്ടും ചില മാനേജ്മെന്റുകളുടെ സഹായം കൊണ്ടുമാണ്. ഇനിയുമിങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന അവസ്ഥയിലെത്തിയപ്പോഴാണ് മെസ് അലവൻസ് കുടിശ്ശിക അനുവദിക്കണമെന്ന് ആവശപ്പെട്ട് നൂറുകണക്കിന് കായികതാരങ്ങൾ കഴിഞ്ഞ മാസം 22ന് പ്രതിഷേധ പ്രകടനവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്.
തോർത്തും ജഴ്സിയും വിരിച്ച് അവർ സെക്രട്ടേറിയറ്റിന് മുന്നിൽ ഭിക്ഷയാചന സമരം നടത്തിയിട്ടുപോലും നാളിതുവരെ പിണറായി സർക്കാർ കുലുങ്ങിയിട്ടില്ല. ജയിലിൽ കിടക്കുന്ന കൊടും കുറ്റവാളികൾക്കുപോലും ചപ്പാത്തിയും ചിക്കനും മട്ടൻ ബിരിയാണിയും നൽകുമ്പോൾ അവരോട് കാണിക്കുന്ന പരിഗണന എങ്കിലും വളർന്നുവരുന്ന കായിക താരങ്ങളോട് കാണിക്കണമെന്ന അപേക്ഷയാണ് പരിശീലകർക്കുള്ളത്. നവംബർ വരെയുള്ള കുടിശ്ശിക ഇപ്പം കൊടുത്തുതീർക്കുമെന്ന് സ്പോർട്സ് കൗൺസിൽ പറയുന്നുണ്ടെങ്കിലും കുട്ടികൾക്ക് സാമ്പാറും ചോറും തന്നെ ശരണം. കായികതാരങ്ങൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകാതെ കിട്ടാതെപോയ മെഡലുകളെക്കുറിച്ച് ചർച്ച ചെയ്തിട്ട് എന്തുകാര്യം.
ഇ.പി. ജയരാജൻ കായികമന്ത്രിയായിരുന്ന കാലത്താണ് 1200 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ കായിക മേഖലയിൽ നടപ്പാക്കുന്നത്. ഇതിനുശേഷം പോയ നാലുവർഷങ്ങൾ കേരളത്തിലെ കായികതാരങ്ങൾക്കായി കായിക വകുപ്പും സ്പോർട്സ് കൗൺസിലും എന്തൊക്കെ ചെയ്തുവെന്ന് പരിശോധിക്കേണ്ടതാണ്. ഇ.പി. ജയരാജൻ മന്ത്രിയായിരുന്നപ്പോൾ കായിക വകുപ്പിന് കീഴിലും സ്പോർട്സ് കൗൺസിലിന് കീഴിലും ഉണ്ടായിരുന്ന സ്പോർട്സ് ഹോസ്റ്റലുകൾ പലതും ഇന്ന് നിലവിൽ ഇല്ല. സാമ്പത്തിക പ്രതിസന്ധിമൂലം ജഴ്സിയടക്കമുള്ള സ്പോർട്സ് കിറ്റുകൾ അതതു വർഷങ്ങളിൽ വിതരണം ചെയ്യാൻ സാധിച്ചില്ല. പുതുതായി ഒരു സ്പോർട്സ് ഹോസ്റ്റലുപോലും തുറക്കാൻ സർക്കാറിന് സാധിച്ചില്ല. കായിക വകുപ്പിന് കീഴിലോ സ്പോർട്സ് കൗൺസിലിന് കീഴിലോ ഒരു പരിശീലകനുപോലും കേരളത്തിലെവിടെയും സ്ഥിര നിയമനം നൽകി നിയമിക്കാനായില്ല. താൽക്കാലിക പരിശീലകരുടെ എണ്ണം വർധിപ്പിക്കാനോ ഉണ്ടായിരുന്ന പരിശീലകരുടെ എണ്ണം നിലനിർത്താനോ കഴിഞ്ഞിട്ടില്ല.
ഒളിമ്പിക് ഇനമോ ദേശീയ ഗെയിംസടക്കം പ്രധാന ഗെയിംസ് വേദികളിലൊന്നിലും മത്സരയിനമല്ലാത്ത വടംവലിക്ക് 2021-24 കാലയളവിൽ സ്പോർട്സ് കൗൺസിൽ അനുവദിച്ചത് 43,39,250 രൂപ. ഇത്തവണ ദേശീയ ഗെയിംസിൽ ചാമ്പ്യന്മാരായ ഫുട്ബാളിന് നൽകിയതാകട്ടെ വെറും ഏഴുലക്ഷം രൂപയും. അത്ലറ്റിക്സിനും, ഇക്കഴിഞ്ഞ ദേശീയ ഗെയിംസിൽ അഞ്ചു സ്വർണം നേടിയ അക്വാറ്റിക്സിനും 36 ലക്ഷം രൂപ വീതം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി തന്നെ പുറത്തുവിട്ട കണക്കുകളിലാണ് സ്വന്തക്കാരോടുള്ള ഇഷ്ടം പ്രകടമായത്.
ദേശീയ ഗെയിംസിലെ നാണംകെട്ട പ്രകടനത്തിന്റെ പേരിൽ കായിക മന്ത്രിയും കായിക അസോസിയേഷനുകളുമായുള്ള വാ ക്പോര് മുറുകുന്നതിനിടെയാണ് കണക്കുകൾ പുറത്തുവന്നത്. വടംവലി അസോസിയേഷന് നൽകിയ തുക എങ്ങനെ ചെലവഴിച്ചെന്ന കണക്ക് പുറത്തുവിടാൻ സ്പോർട്സ് കൗൺസിൽ തയാറായിട്ടില്ല.
2021-24 കാലയളവിൽ കേരള ഹോക്കി അസോസിയേഷന് 23.83 ലക്ഷം രൂപയാണ് സ്പോർട്സ് കൗൺസിൽ അനുവദിച്ചത്. ഇതിന് പുറമെ സംസ്ഥാന സർക്കാറിന്റെ വകയായും ലക്ഷങ്ങൾ വേറെയും അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇത്തവണ ദേശീയ ഗെയിംസിൽ യോഗ്യത പോലും നേടാൻ കേരളത്തിനായില്ല.
കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാറാണ് കേരള ഹോക്കിയുടെയും പ്രസിഡന്റ്. ദേശീയ ഹോക്കി മത്സരങ്ങൾ നടക്കുന്നത് ആസ്ട്രോ ടർഫിൽ അല്ലെങ്കിൽ ഹാർഡ് കൃത്രിമ പുല്ലുള്ള സിന്തറ്റിക് പ്രതലത്തിലാണ്. എന്നാൽ, കേരളത്തിൽ മറിച്ചാണ് സ്ഥിതി. മാർച്ചു ഒന്നുമുതൽ ഹരിയാനയിലെ പഞ്ചഗ്വലയിൽ നടക്കേണ്ട വനിത സീനിയർ ടീമിന്റെ തിരഞ്ഞെടുപ്പ് നടന്നത് തൃശൂരിലെ ഫുട്ബാൾ ഗ്രൗണ്ടിലായിരുന്നു. മണ്ണും ചരലുമുള്ള നല്ല ഒന്നാന്തരം മൈതാനം. എന്തുകൊണ്ടാണ് ദേശീയ ഗെയിംസിൽ കേരളം യോഗ്യതപോലും കടക്കാത്തത് എന്നത് ഇതിൽ നിന്നുതന്നെ വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.