തിരുവനന്തപുരം: സംസ്ഥാനത്ത് 2720 റേഷൻകടകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷൻ വ്യാപാരികൾക്കുള്ള വേതനം ഏർപ്പെടുത്തുന്നതിെൻറ ഭാഗമായാണ് 350നു താഴെ റേഷൻകാർഡുള്ള കടകളെ അടച്ചുപൂട്ടാൻ സർക്കാർ നീക്കം തുടങ്ങിയത്. ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷ്യസിവിൽ സപ്ലൈസ് ഡയറക്ടർക്ക് നിർദേശം നൽകി. റിപ്പോർട്ട് ഇൗമാസം 18നകം സമർപ്പിക്കും.
സംസ്ഥാനത്ത് ആകെ 14,419 റേഷൻകടകളാണുള്ളത്. ഇതിൽ 2720ഓളം റേഷൻ കടകളിലും 350നു താഴെമാത്രമാണ് കാർഡുള്ളത്. ഇതിൽ ഭൂരിഭാഗവും തെക്കൻ കേരളത്തിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിൽ മാത്രം ഏകദേശം 2000ത്തോളം കടകൾ ഇപ്രകാരമുണ്ടെന്നാണ് ഭക്ഷ്യപൊതുവിതരണവകുപ്പിെൻറ പ്രാഥമിക കണക്ക് . ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷൻ വ്യാപാരികൾക്കായി സർക്കാർ തയാറാക്കിയ പുതിയ വേതന പാക്കേജിൽ 350വരെ റേഷൻകാർഡുള്ള കടയുടമക്ക് സ്പോർട്ട് പേമെൻറും കമീഷനും ഇ-പോസ് വഴിയുള്ള വിതരണവുമടക്കം പരമാവധി ലഭിക്കുന്ന വേതനം 19,700 രൂപയാണ്. 45 ക്വിൻറൽ ധാന്യം വിതരണം ചെയ്തെങ്കിൽ മാത്രമേ ഈ തുക അനുവദിക്കാൻ കഴിയൂ. എന്നാൽ, പലയിടങ്ങളിലും 150-250 വരെയാണ് കാർഡുകളുടെ എണ്ണം. അതുകൊണ്ടുതന്നെ 45 ക്വിൻറൽ ഭക്ഷ്യധാന്യം ഇത്തരം കടകൾ വഴി വിറ്റഴിക്കാൻ സാധിക്കില്ലെന്ന് റേഷൻ വ്യാപാരി സംഘടനകൾ സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
ഇതോടെ 350നു താഴെ കാർഡുള്ള റേഷൻകടകളെ പരസ്പരം ഏകോപിപ്പിക്കാനും 1000ന് മുകളിൽ കാർഡുള്ള റേഷൻകടകളെ വിഭജിക്കാനുമുള്ള സാധ്യത സർക്കാർ ആരായുന്നുണ്ട്. ഇതുസംബന്ധിച്ചാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് 1006 റേഷൻ കടകൾക്കാണ് 950നും 2200 നുമിടയിൽ കാർഡുള്ളത്. ഇതിൽ 1400ൽ കൂടുതൽ കാർഡുള്ളത് 77 കടകൾക്കു മാത്രവും. അതുകൊണ്ടുതന്നെ സർക്കാറിെൻറ പുതിയ തീരുമാനം നിരവധി കച്ചവടക്കാർക്ക് തിരിച്ചടിയാകും. കടകളെ യോജിപ്പിക്കുേമ്പാൾതന്നെ ഏകദേശം രണ്ടായിരത്തോളം പേർക്ക് തൊഴിൽനഷ്ടമാകുമെന്നാണ് റേഷൻ വ്യാപാരി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
അടുത്തടുത്ത റേഷൻകടകളിൽ തമ്മിൽ മാത്രമേ ഇതു സാധ്യമാകൂ. അപ്രകാരം മുന്നോട്ടുപോകുമ്പോൾ കാർഡ് കുറവുള്ള വ്യാപാരിക്ക് തൊഴിൽ നഷ്ടമാകും. അതേസമയം, സിവിൽ സപ്ലൈസ് ഡയറക്ടറെയും റേഷൻ വ്യാപാരി സംഘടനാപ്രതിനിധികളെയും ഉൾപ്പെടുത്തി രൂപവത്കരിച്ച സമിതിയുടെ ശിപാർശകളിലൊന്നാണ് ഇതെന്നും കടകൾ അടയ്ക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. 100-150 കാർഡുള്ള കച്ചവടക്കാർക്ക് പുതിയ പാക്കേജ് പ്രകാരം വേതനം നൽകുന്നത് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഈ ഘട്ടത്തിലാണ് 45 ക്വിൻറൽ ഭക്ഷ്യധാന്യമെങ്കിലും വിതരണം ചെയ്യുന്നതിനായി കടകളെ ഏകോപിക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ റേഷൻ വ്യാപാരികളെ വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ മുന്നോട്ടുപോകൂവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.