നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശ്ശേരി എമ്പാർക്കേഷൻ പോയിന്റിൽനിന്ന് ഇതുവരെ 2,567 തീർഥാടകർ ഹജ്ജ് കർമം നിർവഹിക്കാൻ ജിദ്ദയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച മൂന്നു വിമാനങ്ങളിൽ 1,278 വനിത തീർഥാടകർ യാത്ര തിരിച്ചു. പുലർച്ച 2.45ന് ഫ്ലൈനാസ് എക്സ് വൈ 8016 വിമാനത്തിൽ 425 വനിതകളും രാത്രി 7.30ന് എക്സ് വൈ 8018 വിമാനത്തിൽ 428 പേരും രാത്രി 10.10ന് എക്സ് വൈ വിമാനത്തിൽ 425 പേരുമാണ് പോയത്. ഏപ്രിൽ 30നാണ് 430 തീർഥാടകരുമായി നെടുമ്പാശ്ശേരിയിൽനിന്ന് ആദ്യ വിമാനം പുറപ്പെട്ടത്.
വെള്ളിയാഴ്ച്ച രണ്ടു വിമാനങ്ങളിലായി 859 പേർ യാത്ര തിരിച്ചു. ഞായറാഴ്ച രണ്ടു വിമാനങ്ങളിലായി 860 വനിതകൾ യാത്ര തിരിക്കും. സാധാരണ സർവിസുകൾക്ക് പുറമെ വനിതകൾക്കു മാത്രമായി ആറ് വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തത്. അതുകൊണ്ടുതന്നെ രണ്ടു ദിവസമായി വനിതകളുടെ തിരക്കാണ് ഹജ്ജ് ക്യാമ്പിൽ. വനിതകൾക്കു മാത്രമുള്ള വിമാനത്തിൽ മൊത്തം 2,560 പേരാണ് പോകുന്നത്. വനിതകൾക്കു മാത്രമുള്ള വിമാനത്തിനു പുറമെ സാധാരണ വിമാനത്തിലും നല്ല രീതിയിൽ വനിതകളുടെ പ്രാതിനിധ്യമുണ്ടെന്ന് ക്യാമ്പ് ഡയറക്ടറും സംസ്ഥാന ഹജ്ജ് ക്യാമ്പ് ജനറൽ കൺവീനറുമായ അഡ്വ. പി. മൊയ്തീൻകുട്ടി പറഞ്ഞു. വനിത ഹാജിമാർക്ക് മാർഗനിർദേശം നൽകാനും യാത്രയിൽ അവരെ അനുഗമിക്കാനുമായി വനിത വളന്റിയർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.
നെടുമ്പാശ്ശേരി: വോട്ടെണ്ണൽ ദിനത്തിൽ റോഡ് മാർഗമുള്ള യാത്രയിൽ ഗതാഗത തടസ്സം നേരിടാൻ സാധ്യതയുള്ളതിനാൽ നെടുമ്പാശ്ശേരി വഴി ഹജ്ജിന് പോകുന്ന തീർഥാടകർ നിശ്ചിത സമയത്ത് ക്യാമ്പിലെത്താൻ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ക്യാമ്പ് അസി. സെക്രട്ടറി കെ. ജാഫർ അറിയിച്ചു. വോട്ടെണ്ണൽ നടക്കുന്ന മേയ് നാലിനും അതിനുശേഷമുള്ള ദിവസങ്ങളിലും ഹജ്ജ് ക്യാമ്പുകളിലേക്ക് എത്തേണ്ട തീർഥാടകർ പ്രത്യേക മുൻകരുതലെടുക്കണം.
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ഗതാഗത നിയന്ത്രണങ്ങൾക്കും തിരക്കിനും സാധ്യതയുള്ളതിനാൽ, നിശ്ചയിച്ച സമയത്തിന് മുമ്പുതന്നെ പുറപ്പെടാൻ ശ്രദ്ധിക്കണം. ക്യാമ്പുകളിലേക്ക് എത്തുന്ന ഹാജിമാർ യാത്രാരേഖകളും തിരിച്ചറിയൽ രേഖകളും കൈവശം കരുതുകയും വളന്റിയർമാരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.