കണ്ണൻ
അന്തിക്കാട് (തൃശൂർ): യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഫേസ്ബുക്ക് ഐ.ഡി ഉണ്ടാക്കി മെസഞ്ചർ ചാറ്റ് വഴി അന്തിക്കാട് സ്വദേശിയായ പ്രവാസിയിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ കോട്ടയം സ്വദേശി പിടിയിലായി. കോട്ടയം പാമ്പാടി സ്വദേശി കുരിയന്നൂർ കുന്നേൽ കണ്ണനെയാണ് (34) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂണിലാണ് പെൺകുട്ടിയുടെ ചിത്രമുള്ള വ്യാജ ഐ.ഡി വഴി അന്തിക്കാട്ടെ യുവാവിനെ കണ്ണൻ പരിചയപ്പെടുന്നത്.
തുടർന്ന് മെസഞ്ചർ ചാറ്റിൽ സജീവമായി. ഇതിനിടെ തന്റെ കുഞ്ഞ് ആശുപത്രിയിലാണെന്നും 5000 രൂപ ഉടൻ അയക്കണമെന്നും ചാറ്റിലൂടെ ആവശ്യപ്പെട്ടു. സൗഹൃദത്തിലുള്ളത് യുവതിയാണെന്ന വിശ്വാസത്തിൽ അന്തിക്കാട് സ്വദേശി പലപ്പോഴായി പണം നൽകി. പിന്നീട് സൗഹൃദം ഭീഷണിയിലേക്ക് മാറി. ഇനി പണം നൽകാനാവില്ലെന്ന് പറഞ്ഞതോടെ മെസഞ്ചർ ചാറ്റിലെ അശ്ലീല സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ട് എടുത്ത് വീട്ടുകാർക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവാവ് വീണ്ടും വഴങ്ങി. ഇങ്ങനെ പലപ്പോഴായി രണ്ടര ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
യുവതിയുടെ സഹോദരനെന്ന പേരിൽ ഫോണിൽ വിളിച്ചും വാട്സ്ആപ് വഴിയുമൊക്കെയാണ് കണ്ണൻ വിദേശത്ത് ജോലിയുള്ള യുവാവിൽനിന്ന് പണം തട്ടിയത്. ഒടുവിൽ 75,000 നൽകിയാൽ പ്രശ്നം തീർക്കാമെന്ന് ഭീഷണി വന്നപ്പോൾ അന്തിക്കാട്ടെ യുവാവ് തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേക്ക് പരാതി നൽകുകയായിരുന്നു.
റൂറൽ എസ്.പിയുടെ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. സമാനമായ മറ്റു തട്ടിപ്പുകളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.