അജണ്ടകള്‍ മാറിമറിഞ്ഞ് ദേശീയ കൗണ്‍സില്‍

കോഴിക്കോട്: ദേശീയതലത്തില്‍നിന്ന് അന്തര്‍ദേശീയതലത്തിലേക്ക് വാര്‍ത്താപ്രാധാന്യം മാറിയ കോഴിക്കോട് കൗണ്‍സിലിന് തിരശീല വീഴുമ്പോള്‍ ബി.ജെ.പിയുടെ യുദ്ധോത്സുകത ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിന് വഴിമാറി. ബി.ജെ.പിയുടെ ഭാരതയുദ്ധം ദാരിദ്ര്യത്തോടായിരിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയാണ് മൂന്നുനാള്‍ നീണ്ട ദേശീയ കൗണ്‍സില്‍ സമാപിക്കുന്നത്.
കോണ്‍ഗ്രസിന്‍െറ  ഗരീബി ഹഠാവോക്ക് (ദാരിദ്ര്യ നിര്‍മാര്‍ജനം) പകരം ദീനദയാല്‍ ഉപാധ്യായയുടെ ഗരീബീ കല്യാണ്‍ (ദരിദ്രരുടെ വികസനം) ഉയര്‍ത്തിക്കാണിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്‍െറ ജന്മശതാബ്ദി ആഘോഷവേളയില്‍ ബി.ജെ.പി പരമപ്രധാനമായി ലക്ഷ്യമിട്ടത്. ചങ്ങാത്ത മുതലാളിത്തത്തിന്‍െറ ആക്ഷേപം ഒഴിവാക്കാമെന്നും വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ ഇതുവഴി വേരോട്ടമുണ്ടാക്കാമെന്നും പാര്‍ട്ടി കരുതി.
സി.പി.എമ്മിനെതിരെ കേരളത്തിലെ പ്രധാന പ്രതിപക്ഷമായി കോണ്‍ഗ്രസിന് പകരം തങ്ങളെ ഉയര്‍ത്തിക്കാണിച്ച് അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പരമാവധി നേട്ടമുണ്ടാക്കുകയെന്നതായിരുന്നു രണ്ടാമത്തെ അജണ്ട. ഇതിനുവേണ്ടിയാണ് സി.പി.എം-ബി.ജെ.പി അക്രമങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കേരളത്തില്‍ സി.പി.എമ്മിന്‍െറ യഥാര്‍ഥ എതിരാളി ബി.ജെ.പിയാണെന്ന് ദേശീയതലത്തില്‍ സ്ഥാപിക്കാന്‍ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടി ശ്രമിച്ചത്. കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിന്‍െറ ചുമതല അമിത് ഷാ നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ദേശീയതലത്തിലത്തെിക്കുകയെന്ന കൗണ്‍സിലിന്‍െറ അജണ്ടക്ക് ഉറിയുടെ പ്രതികാരവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വേണ്ടത്ര ഇടം കിട്ടിയില്ല.
കോഴിക്കോട് ദേശീയ കൗണ്‍സില്‍ തീരുമാനിച്ച ശേഷം സി.പി.എം അതിക്രമം നടക്കുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ കാണാനും അത് ദേശീയതലത്തിലത്തെിക്കാനും താല്‍പര്യമുള്ള മാധ്യമങ്ങളെ സഹായിക്കാമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു. ചില മാധ്യമങ്ങളൊക്കെയും ഇതില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഉറിയിലെ  ഭീകരാക്രമണവും തുടര്‍ന്ന് പാകിസ്താനോടുള്ള തിരിച്ചടിക്കായി ഇന്ത്യയിലുയര്‍ന്ന മുറവിളിയും ഇതിനോട് പ്രധാനമന്തി കൈക്കൊണ്ട മൗനവും ദേശീയ കൗണ്‍സിലിന്‍െറ അജണ്ടയെതന്നെ മാറ്റി. ഉറിയുടെ പ്രത്യാക്രമണം സംബന്ധിച്ച് എന്തുപറയുമെന്ന് അറിയാനായിരുന്നു മാധ്യമങ്ങളുടെ താല്‍പര്യം. കോഴിക്കോട് കടപ്പുറത്ത് മോദി നടത്തിയ പ്രസംഗം പാകിസ്താനുമായി യുദ്ധം വേണമെന്ന മുന്‍ നിലപാടില്‍നിന്നുള്ള വ്യതിചലനമായി വിലയിരുത്തപ്പെടുകയും ചെയ്തു. പാവപ്പെട്ടവരുടെ വികസനവും മുസ്ലിം പ്രീണനവും കാലാവസ്ഥാ വ്യതിയാനവും കടന്ന് പ്രധാനമന്ത്രിയുടെ രണ്ടാം നാളിലെ പ്രസംഗം തെരഞ്ഞെടുപ്പ് പരിഷ്കാരം സംബന്ധിച്ച ചര്‍ച്ചകളിലത്തെിയെങ്കിലും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നത് ദാരിദ്ര്യത്തിനെതിരെയുള്ള യുദ്ധാഹ്വാനമാണ്്. ഉറിയില്ലായിരുന്നെങ്കില്‍ കോഴിക്കോട് കൗണ്‍സിലില്‍ തങ്ങള്‍ക്ക് നല്‍കാന്‍ എന്തു വാര്‍ത്തയാണുണ്ടാകുകയെന്ന് സമാപന നാളില്‍ ചോദിച്ച ദേശീയ മാധ്യമപ്രവര്‍ത്തകരോട് ദാരിദ്ര്യനിര്‍മാര്‍ജനം ആര്‍ക്കും താല്‍പര്യമുള്ള വാര്‍ത്തയല്ലല്ളോ എന്നായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.