അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍: സര്‍ക്കാറിന് ലഭിക്കുക അഞ്ചുലക്ഷം ഏക്കര്‍ ഭൂമി

കൊല്ലം: സര്‍ക്കാര്‍ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഫലപ്രദമായി നടപ്പാക്കിയാല്‍ സര്‍ക്കാറിന് ലഭിക്കുക ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി. തോട്ടം മേഖലയില്‍ അഞ്ചുലക്ഷത്തോളം ഏക്കര്‍ ഭൂമി അനധികൃതമായി കൈയേറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ പക്കലുണ്ട്. ഈ ഭൂമി മുഴുവന്‍ നിയമനിര്‍മാണം വഴി ഏറ്റെടുക്കണമെന്ന ശിപാര്‍ശയും സര്‍ക്കാര്‍ പക്കലുണ്ട്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്ന് കഴിഞ്ഞദിവസം നടന്ന കലക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷികയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചത്. അതനുസരിച്ച് ഭൂമി ഏറ്റെടുത്താല്‍ ഭൂരഹിത കേരളം പദ്ധതിയില്‍ അപേക്ഷിച്ചിട്ടുള്ള 3,59,038 പേര്‍ക്കും നല്‍കാം. പിന്നെയും ഭൂമി മിച്ചം വരും.

സംസ്ഥാനത്ത് തോട്ടംമേഖലയില്‍ പഴയ ബ്രിട്ടീഷ് കമ്പനികളുടെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കമ്പനികളുടെയും ഭൂമി ഏറ്റെടുക്കാമെന്ന് തോട്ടം മേഖലയിലെ കമ്പനികളുടെ ഭൂമി ഏറ്റെടുക്കുന്നതിന് നിയോഗിച്ച സ്പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശപ്രകാരം ഐ.ജി ശ്രീജിത്ത് നടത്തിയ അന്വേഷണത്തിലും സംസ്ഥാനത്ത് അഞ്ചു ലക്ഷത്തോളം ഏക്കര്‍ ഭൂമി സര്‍ക്കാറിന് ഏറ്റെടുക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറയുന്നത്  ‘200 ഓളം വരുന്ന വന്‍കിടക്കാരുടെ കൈകളിലായി സര്‍ക്കാറിന് അവകാശപ്പെട്ട അഞ്ചുലക്ഷം ഏക്കറിലേറെ ഭൂമിയുണ്ട്.

അത് ഏറ്റെടുക്കുന്നതിനാണ് തന്നെ നിയോഗിച്ചതെങ്കിലും അതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. വര്‍ഷങ്ങള്‍ നീളുന്ന നിയമക്കുരുക്കുകളില്‍പെട്ട് ഏറ്റെടുക്കല്‍ നടപടികള്‍ മുടങ്ങും. അതിനാല്‍ നിയമനിര്‍മാണം വഴി ഇത്തരം മുഴുവന്‍ ഭൂമിയും ഏറ്റെടുക്കണം. അതോടെ സംസ്ഥാനത്ത് വികസനത്തിന് ഭൂമിയില്ളെന്ന അവസ്ഥക്ക് പരിഹാരമാകും’ എന്നാണ്. 1963ലെ ഭൂപരിഷ്കരണ നിയമം യഥാര്‍ഥ അര്‍ഥത്തില്‍ നടപ്പാക്കിയാല്‍ സംസ്ഥാനത്ത് ഭൂമി ദൗര്‍ലഭ്യം എന്ന വിഷയം ഉണ്ടാവില്ല. ഭൂപരിഷ്കരണനിയമത്തില്‍ തോട്ടഭൂമിക്ക് ഇളവനുവദിക്കുന്ന സെക്ഷന്‍ 81 ദുരുപയോഗം ചെയ്ത് കൃഷിഭൂമിയുടെ സിംഹഭാഗവും ചെറു ന്യൂനപക്ഷം കൈയടക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ രാജമാണിക്യം ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശം ചെറുകിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതില്‍ ഒതുങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.