ഇടതുനേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം: വി. മുരളീധരന്‍െറ പരാതി രാഷ്ട്രീയപ്രേരിതമെന്ന് വിജിലന്‍സ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ക്കെതിരെ ബി.ജെ.പി നേതാവ് വി. മുരളീധരന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന് നല്‍കിയ പരാതി രാഷ്ട്രീയപ്രേരിതമെന്ന് പ്രാഥമിക വിലയിരുത്തല്‍. അനധികൃതസ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ്  പരാതിയില്‍ ഉന്നയിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം മുരളീധരന്‍െറ മൊഴി കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി രേഖപ്പെടുത്തിയിരുന്നു. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറാനായിട്ടില്ല. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ആരോപണങ്ങളാണ് താന്‍ ഉന്നയിച്ചതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി തെളിവുകള്‍ കണ്ടെത്തേണ്ടത് വിജിലന്‍സിന്‍െറ ജോലിയാണെന്നുമാണ് മൊഴി നല്‍കിയത്. ചില ആരോപണങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നടന്ന കാലഘട്ടത്തെക്കുറിച്ചുപോലും പരാതിക്കാരന് കൃത്യമായ ധാരണയില്ളെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു. അതിനാലാണ് ആരോപണങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളാണെന്ന നിഗമനത്തില്‍ വിജിലന്‍സ് എത്തിയത്.

അതേസമയം, പരാതിയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായി തള്ളാന്‍ വിജിലന്‍സ് തയാറല്ല. ചക്കിട്ടപ്പാറ ഖനനാനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗൗരവമായാണ് വിജിലന്‍സ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ വിജിലന്‍സ് ഇന്‍റലിജന്‍സ് വിഭാഗത്തിന് നേരത്തേ തന്നെ ലഭിച്ചിരുന്നു.
മുരളിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തും. മന്ത്രി ഇ.പി. ജയരാജന്‍െറ മകന്‍ വിദേശത്ത് വന്‍കിട ബിസിനസ് സംരംഭം നടത്തുന്നെന്ന പരാതിയും വിജിലന്‍സ് പ്രത്യേകപരിഗണന നല്‍കി പരിശോധിക്കുമെന്നാണ് അറിയുന്നത്. മലബാര്‍ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സിന് ലഭിച്ച ചില വിവരങ്ങള്‍ മുരളിയുടെ പരാതിയുമായി ഒത്തുനോക്കാനും ആലോചനയുണ്ടത്രെ. മുരളീധരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കത്തക്ക തെളിവുകള്‍ മറ്റാരെങ്കിലും സമര്‍പ്പിക്കാനുള്ള സാധ്യതയും വിജിലന്‍സ് തള്ളിക്കളയുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.