സൗമ്യവധം: പോസ്റ്റുമോര്‍ട്ടം വിവാദത്തില്‍ വീണ്ടും അന്വേഷണം

തൃശൂര്‍: പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് പിറകെ  സൗമ്യയുടെ മൃതദേഹത്തിന്‍െറ   പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് അനേഷണം നടത്തി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ജോ.ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഫോറന്‍സിക് മേധാവിയായിരുന്ന ഡോ. ഷേര്‍ളി വാസുവും അസോ. പ്രഫ. ഡോ. എ.കെ.ഉന്മേഷും തമ്മിലുള്ള തര്‍ക്കമാണ് വിഷയം. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്് ഡോ. ഷേര്‍ളി വാസുവോ ഡോ. ഉന്മേഷോ എന്നതിനെച്ചൊല്ലിയുണ്ടായ  തര്‍ക്കം കേസിനെ വിവാദത്തിലാക്കിയിരുന്നു. രണ്ടുപേരുടെയും കണ്ടത്തെലുകള്‍ തമ്മില്‍ കാര്യമായ വ്യത്യാസമില്ളെങ്കിലും ഡോ. ഉന്മേഷ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയെന്ന പരാതി  വന്നപ്പോള്‍  ഉന്മേഷിനെതിരെ കേസെടുക്കാന്‍ വിചാരണകോടതി ഉത്തരവിട്ടു.  പിന്നീട് ഹൈകോടതി ഇത് ശരിവെച്ചതോടെ ഉന്മേഷിനെ  സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിലെ കണ്ടത്തെലുകള്‍ ഡോ.  ഉന്മേഷ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം നടത്തുന്നത്.

സൗമ്യയുടെ പോസ്റ്റുമോര്‍ട്ടത്തിലെ പങ്കാളിയായിരുന്ന  അസി. പ്രഫസര്‍ ഡോ. രാജേന്ദ്രപ്രസാദ് വകുപ്പുതല അന്വേഷണത്തില്‍ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. ഡോ. ഉന്മേഷാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നും താന്‍ അദ്ദേഹത്തെ സഹായിക്കുകയായിരുന്നു എന്നുമാണ് രാജേന്ദ്രപ്രസാദ് പറഞ്ഞത്. ഈ മൊഴി അന്തിമ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി. ഡോ. ഷേര്‍ളി വാസുവിന്‍െറ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റായിരുന്ന റോസയുടെ മൊഴിയും ഉന്മേഷിന് അനുകൂലമായിരുന്നു. ഉന്മേഷും രാജേന്ദ്രപ്രസാദും ചേര്‍ന്ന് തയാറാക്കിയ ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷേര്‍ളി വാസു മാറ്റങ്ങള്‍ വരുത്തി എന്നാണ് റോസയുടെ മൊഴി.

കമ്പ്യൂട്ടറിലെ കോപ്പിയില്‍ ഇങ്ങനെ മാറ്റം വരുത്തിയത് ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുമോ എന്ന് ഡോ. ഷേര്‍ളി വാസു പിന്നീട് ചോദിച്ചതായി റോസയുടെ മൊഴിയില്‍ ഉണ്ട്. ഇവയുടെ പകര്‍പ്പ് സഹിതമാണ് ഡോ.  ഉന്മേഷ് അന്വേഷണം ആവശ്യപ്പെട്ടത്. പുതിയ സാഹചര്യം കൂടി കണക്കിലെടുത്താണ് അന്വേഷണ നിര്‍ദേശം. ഉന്മേഷും രാജേന്ദ്രപ്രസാദിന്‍െറയും കണ്ടത്തെലുകള്‍ക്ക് പുറമെ ഷേര്‍ളി വാസു കൂട്ടിച്ചേര്‍ത്ത കാര്യങ്ങളാണ്  വധശിക്ഷ റദ്ദാക്കണമെന്ന ഗോവിന്ദച്ചാമിയുടെ അപ്പീല്‍ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയില്‍ പ്രോസിക്യൂഷനെ പ്രതിസന്ധിയിലാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.