സൗമ്യ വധക്കേസ്: പുന:പരിശോധന ഹരജിയുമായി സര്‍ക്കാര്‍ മുന്നോട്ട്

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പുന:പരിശോധന ഹരജിയുമായി സര്‍ക്കാര്‍ മുന്നോട്ട്. പുതിയ അഭിഭാഷകനെ നിയമിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. സി.പി.എം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോകുന്ന നിയമമന്ത്രി എ.കെ ബാലന്‍ നിയമവിദഗധരുമായും സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായും ചര്‍ച്ച നടത്തും. പുതിയ അഭിഭാഷകരെ നിയമിക്കാനുള്ള നീക്കവുമുണ്ട്. പ്രോസിക്യൂഷന് വീഴ്ച പറ്റിയതാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കപ്പെടാന്‍ കാരണമെന്ന ശക്തമായ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തില്‍ പോരായ്മകള്‍ കണ്ടെത്തി പഴുതകളടച്ചായിരിക്കും പുതിയ നീക്കങ്ങള്‍. സൗമ്യയുടെ അമ്മയുടെ അഭിപ്രായം കൂടി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും സൂചനയുണ്ട്.

ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം ശിക്ഷ നിലനില്‍ക്കുന്നുണ്ടെങ്കിലും കൊലപാതകത്തിന് കൂടി ശിക്ഷ ലഭിക്കുന്നതിന് നിയമപരമായ സാധ്യതകള്‍ തേടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.നിലവിലെ സര്‍ക്കാര്‍ അഭിഭാഷകനായ തോമസ് പി ജോസഫിനെ തന്നെ പുനപരിശോധന ഹരജിയിലും നിയോഗിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. പ്രോസിക്യൂഷന്‍ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സൗമ്യയുടെ അമ്മ ഉള്‍പ്പെടെ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തില്‍ മറ്റു സാധ്യത അന്വേഷിക്കണമെന്ന അഭിപ്രായം സര്‍ക്കാരിലുണ്ട്. മുഖ്യമന്ത്രി സൗമ്യയുടെ അമ്മയെ കാണാന്‍ പോകുന്നുണ്ട്. അവരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് സൂചന. കുറ്റപത്രം തയാറാക്കിയതിലും പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നകാര്യവും സര്‍ക്കാര്‍ പരിശോധിക്കും.

അതേസമയം പുനഃപരിശോധനാ ഹര്‍ജി കോടതി പരിഗണിക്കാനുള്ള സാധ്യത വിരളമാണെന്നാണ് നിയമ വിദഗ്ദ്ധരുടെ അഭിപ്രായം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.