ബാഗേജ് പ്രശ്നത്തിന് പരിഹാരമായില്ല; ജനപ്രതിനിധികള്‍ ഇടപെടണമെന്ന് ആവശ്യം

കരിപ്പൂര്‍: ഓണം-ബലിപെരുന്നാള്‍ എന്നിവക്കായി നാട്ടിലത്തെിയ പ്രവാസികള്‍ ബാഗേജ് ലഭിക്കാതെ വട്ടംകറങ്ങുന്നു. വിവിധ ഗള്‍ഫ്നാടുകളില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴിയത്തെിയവരാണ് ബാഗേജ് ലഭിക്കാതെ പ്രയാസം അനുഭവിക്കുന്നത്. എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയവര്‍ക്കാണ് കരിപ്പൂരിലത്തെുമ്പോള്‍ ബാഗേജ് ലഭിക്കാത്തത്. തിരക്കേറിയ സമയത്ത് ഉയര്‍ന്ന ടിക്കറ്റ് നിരക്കും നല്‍കി നാട്ടിലത്തെിയവരാണ് ബാഗേജ് ലഭിക്കാതെ ബുദ്ധിമുട്ടിലായത്. ഒട്ടേറെ പരാതികളുയര്‍ന്നിട്ടും ജനപ്രതിനിധികളില്‍ നിന്നടക്കം ഒരു ഇടപെടലും ഉണ്ടായിട്ടില്ല. കഴിഞ്ഞ ഈദുല്‍ ഫിത്റിന്‍െറ സമയത്തും നിരവധി പേര്‍ക്ക് ബാഗേജുകള്‍ കൃത്യസമയത്ത് ലഭിച്ചിരുന്നില്ല. ബാഗേജ് ലഭിക്കാത്തതിനാല്‍ എയര്‍ഇന്ത്യ കൗണ്ടറിന് മുന്നില്‍ യാത്രക്കാര്‍ ബഹളം വെക്കുന്നതും സ്ഥിരംസംഭവമാണ്.

ഓണത്തിനും പെരുന്നാളിനും ബന്ധുക്കളടക്കമുള്ളവര്‍ക്കുള്ള വസ്ത്രങ്ങളും മിഠായികളും സര്‍ട്ടിഫിക്കറ്റുകളുമടങ്ങുന്ന ബാഗേജാണ് വിമാനം ഇറങ്ങുമ്പോള്‍ ലഭിക്കാത്തത്. കരിപ്പൂരില്‍ വിമാനം ഇറങ്ങി ബാഗേജിനായി കാത്തുനില്‍ക്കുമ്പോഴാണ് എത്തിയിട്ടില്ളെന്ന വിവരം അറിയുന്നത്. പിന്നീട് ബാഗേജ് എത്തിയതിന് ശേഷം കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വീണ്ടും ദീര്‍ഘദൂരം യാത്ര ചെയ്ത് സ്വീകരിക്കാനായി കരിപ്പൂരിലെത്തേണ്ട അവസ്ഥയാണ്. കുറഞ്ഞ ദിവസങ്ങള്‍ക്ക് അവധിക്കായി നാട്ടിലത്തെുന്നവര്‍ക്കാണ് ബാഗേജ് പ്രശ്നം പ്രയാസം സൃഷ്ടിക്കുന്നത്.

തിരക്കേറിയതിനാല്‍ പരമാവധി യാത്രക്കാരെയും ഉള്‍പ്പെടുത്തിയാണ് വിമാനം സര്‍വിസ് നടത്തുന്നത്. ചെറിയ വിമാനങ്ങളായതിനാല്‍ 200ന് താഴെ യാത്രക്കാര്‍ക്കേ സഞ്ചരിക്കാനാകൂ. ഇത്തരം വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് പുറമെ കുറഞ്ഞ അളവില്‍ മാത്രമേ ഭാരം കയറ്റാന്‍ സാധിക്കൂ. സുരക്ഷാ പ്രശ്നമുള്ളതിനാല്‍ മുഴുവന്‍ ബാഗേജുകളും വിമാനത്തില്‍ കയറ്റാന്‍ പൈലറ്റുമാര്‍ സമ്മതിക്കില്ല. പിന്നീടുള്ള ദിവസങ്ങളില്‍ മറ്റ് വിമാനങ്ങളിലായി ഇവ കയറ്റി അയക്കുകയാണ് പതിവ്. ഇതാണ് ബാഗേജ് കൃത്യസമയത്ത് ലഭിക്കാതിരിക്കാന്‍ കാരണമായി അധികൃതര്‍ ഉന്നയിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.