വി.എസിന് കവടിയാര്‍ ഹൗസ്; ഓഫിസ് ഐ.എം.ജിയില്‍തന്നെ കത്തിന് മറുപടി ഇന്ന്

തിരുവനന്തപുരം: ഭരണപരിഷ്കരണ കമീഷന്‍ ചെയര്‍മാനായി നിയമിതനായ വി.എസ്. അച്യു താനന്ദന് ഒൗദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ചു. കമീഷന്‍െറ ഓഫിസ് ഐ.എം.ജിയില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്‍മെന്‍റ്)തന്നെയാവും. തന്നോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതെന്ന വി.എസിന്‍െറ കത്തിന് ചീഫ് സെക്രട്ടറി വ്യാഴാഴ്ച മറുപടി നല്‍കും.

കവടിയാര്‍ ഹൗസ് അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് കവടിയാര്‍ ഹൗസ് അനുവദിക്കാനാണ് സര്‍ക്കാര്‍ നേരത്തേ ഉദ്ദേശിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ മന്ത്രി തനിക്ക് കവടിയാര്‍ ഹൗസ് വേണമെന്നില്ളെന്ന് സര്‍ക്കാറിനെ അറിയിച്ചു. സെക്രട്ടേറിയറ്റ് അനക്സ് രണ്ടില്‍ കമീഷന് ഓഫിസ് നല്‍കില്ളെന്ന് ഉറപ്പായി. ഐ.എം.ജിയുടെ വികാസ്ഭവന്‍, ബാര്‍ട്ടണ്‍ഹില്‍ കാമ്പസുകളില്‍ എവിടെ വേണമെന്ന് കമീഷന് തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒൗദ്യോഗിക വസതിയും ഓഫിസും ഓണത്തിനു ശേഷമാവും കൈമാറാന്‍ സജ്ജമാവുക.

തന്നോട് കൂടിയാലോചിക്കാതെയാണ് കമീഷന്‍െറ പരിഗണനാ വിഷയം, ഓഫിസ്, ജീവനക്കാരുടെ എണ്ണം തുടങ്ങിയവ തീരുമാനിച്ചതെന്ന വി.എസിന്‍െറ ആക്ഷേപത്തിന് അടക്കമാവും ചീഫ്സെക്രട്ടറി എസ്. എം. വിജയാനന്ദ് മറുപടി നല്‍കുക. സെക്രട്ടേറിയറ്റില്‍ സര്‍ക്കാറുമായി ബന്ധമില്ലാത്ത കമീഷന് ഓഫിസ് അനുവദിക്കുന്നതിലെ സാങ്കേതിക പ്രശ്നം മറുപടിയില്‍ വ്യക്തമാക്കും. ഇ.കെ. നായനാര്‍ ചെയര്‍മാനായ ഭരണപരിഷ്കാര കമീഷന്‍െറ മെംബര്‍ സെക്രട്ടറിയായിരുന്നു വിജയാനന്ദ്. അതുകൊണ്ടുതന്നെ കമീഷന്‍െറ പരിഗണനാ വിഷയം, ഓഫിസ് അടക്കമുള്ള വിഷയങ്ങളില്‍ നിലപാട് വിശദീകരിക്കാന്‍ ആവുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.